ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി ചെങ്ങന്നൂർ നഗരസഭ. ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകണമെന്ന് നഗരസഭാ കൗൺസിൽ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി കൗൺസിലർമാരും സ്വതന്ത്ര അംഗവും പ്രമേയത്തെ പിന്തുണച്ചു.
അതേസമയം, ഇടതുപക്ഷ കൗൺസിലർമാർ വിയോജിപ്പ് രേഖപ്പെടുത്തി. പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതുമായ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നാണ് പ്രമേയത്തിൽ പറയുന്നത്. അതേസമയം, കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടൽ തടഞ്ഞ നാട്ടുകാർക്കെതിരെ പോലീസ് നടപടി എടുത്തു.
ഇന്ന് രാവിലെ 9 മണിയോടെയാണ് സംയുക്ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ പോലീസുമായി സംഘർഷം ഉണ്ടാവുകയും സമരക്കാരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന ആവശ്യവുമായി കോട്ടയം തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് മുന്നിൽ സമരക്കാർ പ്രതിഷേധം നടത്തിയതിന് പിന്നാലെ കസ്റ്റഡിയിൽ എടുത്തവരെ പോലീസ് വിട്ടയച്ചു.
Most Read: നടിയെ ആക്രമിച്ച കേസ്; ബൈജു പൗലോസിനെതിരെ പരാതിയുമായി സാക്ഷി കോടതിയിൽ






































