കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി മുറിച്ചുമാറ്റി. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്. യുവാവ് നിലവിൽ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
അതേസമയം, യുവാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാൽ ഇയാളുടെ മൊഴി എടുക്കാൻ അന്വേഷണ വിഭാഗത്തിന് സാധിച്ചിട്ടില്ല. ഹരിപ്രസാദിന്റെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞ ദിവസം വടകര സിഐ എകെ ബിജു, എസ്ഐ എം നിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ, യുവാവ് സംസാരിക്കാൻ പറ്റിയ ആരോഗ്യസ്ഥിതിയിൽ എത്തിയിട്ടില്ലെന്നാണ് മെഡിക്കൽ ബോർഡ് അറിയിച്ചത്.
സ്ഫോടനത്തിൽ ചിതറിയ വലത് കൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്. ഇടത് കൈപ്പത്തിയുടെ മൂന്ന് വിരലുകളും നഷ്ടമായിട്ടുണ്ട്. വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ സ്ഫോടനം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഹരിപ്രസാദിനെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരുള്ളൂവെന്നാണ് പോലീസ് പറയുന്നത്. ബോംബ് നിർമാണത്തിന്റെ ലക്ഷ്യം ഉൾപ്പടെയുള്ള കാര്യങ്ങൾ പുറത്തുവരാനുണ്ട്. യുവാവിന്റെ മൊഴി അടുത്ത ദിവസം തന്നെ രേഖപെടുത്തുമെന്നാണ് സൂചന.
Most Read: ആശങ്ക വേണ്ട, മലപ്പുറത്ത് ഷിഗല്ല ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല; ഡിഎംഒ







































