തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ വീട് ജപ്തി ചെയ്യുന്നതിനിടയില്‍ തീകൊളുത്തി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ കളക്ടർ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തില്‍ അടിയന്തിരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് പ്രാഥമിക റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നത്. ഇതില്‍ കുട്ടികളുടെ പുനഃരധിവാസം, തുടര്‍ വിദ്യാഭ്യാസം എന്നിവയില്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിച്ചിരിക്കും.
നിലവില്‍ ഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതിനാല്‍ വീട് നിര്‍മ്മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയുടെ ഉടമയെന്ന് അവകാശപ്പെടുന്ന അയല്‍വാസി കേസില്‍ നിന്ന് പിൻമാറാന് ഒരുക്കമല്ലെന്ന് വ്യക്തമാക്കിയതോടെ വിഷദമായ പരിശോധനകള്‍ ഇക്കാര്യത്തില്‍ വേണ്ടിവരും.
കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുന്നതിനൊപ്പം തന്നെ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിച്ച് റൂറല്‍ എസ്പിയും ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാനായി ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരമാണ് റൂറല്‍ എസ്പി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
Read also : കർഷക പ്രക്ഷോഭം; ഇന്ന് നിർണായക ചർച്ച







































