മുംബൈ: റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ വിമർശിക്കുന്ന ബിജെപിയെ കടന്നാക്രമിച്ച് ശിവസേന. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫലത്തോടുള്ള പ്രതികരണത്തോടാണ് ശിവസേന ബിജെപിയുടെ വിമർശനത്തെ ഉപമിച്ചത്.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക, വോട്ടുകൾ എണ്ണരുതെന്ന് പറയുക. അതിനെതിരെ കോടതിയിൽ പോകുമെന്ന് പറയുക തുടങ്ങിയതടക്കമുള്ള ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടുള്ള പ്രതികരണങ്ങൾ പോലെയാണ് ആത്മഹത്യ പ്രേരണ കേസിലെ പ്രതിക്കായി മഹാരാഷ്ട്രയിലെ ബിജെപി നേതാക്കൾ നടത്തുന്ന പ്രതിഷേധമെന്ന് ശിവസേനാ മുഖപത്രമായ സാംനയിൽ പറയുന്നു.
അർണബിന്റെ അറസ്റ്റിനെ അടിയന്തരാവസ്ഥയോട് ഉമപിച്ചതിലും ശിവസേന പ്രതികരിച്ചു. ഉദ്ധവ് താക്കറെയേയും ഇന്ദിരാ ഗാന്ധിയേയും താരതമ്യം ചെയ്യുന്നത് തങ്ങൾക്ക് അഭിമാനമാണ് എന്നായിരുന്നു ശിവസേനയുടെ പ്രതികരണം. “ഉദ്ദവ് താക്കറെയേയും ഇന്ദിരാ ഗാന്ധിയേയും ഉപമിച്ച് പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതിലൂടെ ബിജെപിയുടെ സമനില തെറ്റിയെന്ന് വേണം കണക്കാക്കാൻ,”- ലേഖനത്തിൽ പറയുന്നു.
Kerala News: ലാവ്ലിന് കേസ്; ഹരജികള്‍ ഡിസംബര്‍ 3ന് സുപ്രീം കോടതി പരിഗണിക്കും
അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, സ്മൃതി ഇറാനി തുടങ്ങിയവർ രംഗത്ത് എത്തിയിരുന്നു. കോൺഗ്രസും സഖ്യകക്ഷികളും കൂടിച്ചേർന്ന് ജനാധിപത്യത്തെ നാണം കെടുത്തുന്നുവെന്നാണ് അറസ്റ്റിൽ പ്രതികരിച്ച് അമിത് ഷാ പറഞ്ഞത്.
2018ൽ 53കാരനായ ഇന്റീരിയർ ഡിസൈനർ അൻവായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അർണബിനെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് അർണബിനെ അറസ്റ്റ് ചെയ്തത്. കേസിൽ അർണബിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.








































