കൊച്ചി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർക്കു വോട്ട് ചെയ്യണമെന്ന് നിർദേശിക്കാൻ താൻ ആളല്ലെന്നും തിരഞ്ഞെടുപ്പ് മൽസരം ജനാധിപത്യ രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ മുഖമാണെന്നും കെ സുധാകരൻ.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പിന്തുണ കിട്ടാത്തതിലെ അതൃപ്‌തി ശശി തരൂര്‍ കഴിഞ്ഞദിവസം തുറന്ന് പറഞ്ഞിരുന്നു. അതിനുള്ള മറുപടിയെന്നോണം ‘മനസാക്ഷി വോട്ട് ചെയ്യുന്നയാളുടെ ഉള്ളിലും ഒരു സ്‌ഥാനാര്‍ഥി ഉണ്ടാവുമെന്നും കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് കൂടുതല്‍ എതിര്‍ക്കുന്നതെന്ന തരൂരിന്റെ പരാതിയില്‍ വാസ്‍തവം ഉണ്ടോയെന്ന് അറിയില്ലെന്നും’ സുധാകരന്‍ പറഞ്ഞു.
‘ജനാധിപത്യ തിരഞ്ഞെടുപ്പിൽ അഭിപ്രായങ്ങൾ വ്യത്യസ്‌തമായിരിക്കും. അത് സ്വാഭാവികമാണ്. അതിനകത്ത് ആർക്കും പരാതിയില്ല. രാവിലെ ഞാനും ശശി തരൂരും സംസാരിച്ചിരുന്നു. ഞങ്ങളുടെ സൗഹൃദത്തിൽ ഒരു പ്രശ്‌നവും ഉണ്ടാകില്ല. ഗാന്ധിജിയുടെ സ്‌ഥാനാർഥിയും നെഹ്റുവിന്റെ സ്‌ഥാനാർഥിയും പരസ്‌പരം മമൽസരിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ചരിത്രം അതാണ്. മൽസരം ഒരു ജനാധിപത്യ രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ മുഖമാണ്. കോൺഗ്രസ് അതിലേക്കു പോകുമ്പോൾ നിങ്ങൾക്ക് അസൂയ വേണ്ട. മാദ്ധ്യമങ്ങൾക്ക് വേവലാതിയും വേണ്ട. കേരളത്തിന്റെ പിന്തുണ ഖാർഗെക്ക് ആണെന്ന് പറയാൻ ഞാൻ ആരാണ്?’ –സുധാകരൻ വിശദീകരിച്ചു.
അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ മുരളീധരൻ തുടങ്ങിയ നേതാക്കളെല്ലാം മല്ലികാർജുന ഖാർഗെക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മല്ലികാർജുന ഖാർഗെക്കായി രമേശ് ചെന്നിത്തല വിവിധ സംസ്‌ഥാനങ്ങളിൽ പ്രചാരണം നടത്താനും പദ്ധതിയുണ്ട്. ഏഴിന് ഗുജറാത്തിലും എട്ടിന് മഹാരാഷ്ട്രയിലും 9 ,10 തിയ തികളിൽ ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളിലും ഖാർഗെക്ക് ഒപ്പം ചെന്നിത്തല ഇറങ്ങുമെന്നാണ് സൂചന.
Most Read: ഖർഗെക്ക് മാറ്റം അസാധ്യം; തനിക്കത് സാധ്യമെന്നും ശശി തരൂർ








































