ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി ഇന്ന് രാജ്യസഭ ചർച്ച ചെയ്യും. പ്രതിസന്ധി നേരിടാൻ സ്വീകരിച്ച നടപടികൾ അക്കമിട്ട് നിരത്താനാകും കേന്ദ്രം ശ്രമിക്കുക. എന്നാൽ, കോവിഡ് വ്യാപനവും ഇതിന്റെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന ലോക്ക് ഡൗണും രാജ്യത്തെ ജനങ്ങൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടാകും പ്രതിപക്ഷം ഉന്നയിക്കുക. കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ അനുമതിയുണ്ടെങ്കിലും എത്ര സമയമാണ് ഇതിനായി നൽകുക എന്നതിൽ വ്യക്തതയില്ല. കുറഞ്ഞത് നാലു മണിക്കൂർ എങ്കിലും അനുവദിക്കണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം.
Related News: ഇതര സംസ്ഥാനക്കാരുടെ മടക്കം; വ്യാജ വാർത്തയാണ് കാരണമെന്ന് കേന്ദ്രം
ഇക്കാര്യം ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് കോൺഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ് കത്തു നൽകി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവനത്തെയും നശിപ്പിക്കുകയും ജിഡിപി വളർച്ചയിൽ 23.8 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്‌തത് കോവിഡ് പ്രതിസന്ധി മൂലമാണെന്നാണ് കേന്ദ്ര സർക്കാർ വാദം. അതുകൊണ്ടു തന്നെ വിഷയത്തിൽ സമഗ്രമായ ചർച്ച വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. കോവിഡ് പ്രതിസന്ധിയെ കുറിച്ചും ആരോഗ്യമന്ത്രിയുടെ പ്രസ്‌താവനയെ കുറിച്ചും വിശകലനം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ രാജ്യസഭയിലെ ചർച്ചയിൽ എന്തു കാര്യമാണ് ഉള്ളതെന്ന് ജയറാം രമേശ് കത്തിൽ ചോദിച്ചു.
Related News: രേഖയില്ലാത്ത മരണത്തിന് നഷ്‌ടപരിഹാരം ഇല്ല; വിമർശിച്ച് രാഹുൽ