ന്യൂ ഡെല്‍ഹി: ബാബറി മസ്‌ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിരുന്നുവെന്ന് ജസ്‌റ്റിസ് എം.എസ് ലിബെറാന്‍. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുള്‍പ്പെട്ട നേതാക്കള്‍, ന്യൂസ് പേപ്പർ കട്ടിംഗുകള്‍, നൂറോളം സാക്ഷികള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്‌റ്റിസ് ലിബെറാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘വിചാരണ കോടതിയുടെ വിധിയില്‍ എനിക്ക് ഒന്നും പറയാനില്ല. ഞങ്ങള്‍ രണ്ടും രണ്ട് വ്യക്തികളാണ്. ഞങ്ങളുടെ കാഴ്‌ചപ്പാടുകള്‍ ചിലപ്പോള്‍ വ്യത്യാസപ്പെട്ടിരിക്കാം. പക്ഷെ ഞാന്‍ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നു. പള്ളി തകര്‍ക്കാന്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്. പ്രതികള്‍ ഗൂഢാലോചന നടത്തി എന്നത് നിഷേധിച്ചിരുന്നു എങ്കിലും പള്ളി തകര്‍ക്കപ്പെട്ട സമയത്ത് തങ്ങള്‍ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് അംഗീകരിച്ചിരുന്നു’- ജസ്‌റ്റിസ് ലിബെറാന്‍ പറഞ്ഞു.
1992 ഡിസംബര്‍ 2ല്‍ ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിനെ കുറിച്ച് അന്വേഷിച്ചിരുന്നത് ജസ്‌റ്റിസ് ലിബെറാന്‍ കമ്മീഷനായിരുന്നു. 1992ല്‍ പി. വി നരസിംഹ റാവുവാണ് പഞ്ചാബിലെയും ഹരിയാനയിലെയും ഹൈക്കോടതിയിലെ അന്നത്തെ സിറ്റിംഗ് ജഡ്‌ജിയായിരുന്ന ജസ്‌റ്റിസ് ലിബെറാനെ കമ്മീഷൻ തലപ്പത്ത് നിയമിക്കുന്നത്. 2009ലാണ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 17 വര്‍ഷമെടുത്താണ് കേസില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
എന്നാല്‍ ലിബറാന്‍ കമ്മീഷന്റെ നിഗമനങ്ങളെ പാടെ തള്ളുന്ന നിലപാടാണ് പ്രത്യേക സി ബി ഐ കോടതി എടുത്തത്. ബാബറി മസ്‌ജിദ് തകര്‍ത്തത് ആസൂത്രിതമല്ലെന്നും അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടയുകയായിരുന്നു എന്നുമാണ് കോടതി നിരീക്ഷിച്ചത്. അതുകൊണ്ട് തന്നെ ഗൂഢാലോചനക്ക് തെളിവില്ല എന്ന കാരണത്തില്‍ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, എല്‍ കെ അദ്വാനി തുടങ്ങിയ എല്ലാ പ്രതികളെയും വെറുതെ വിടുകയായിരുന്നു.
Read also: ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നാര്‍ക്കോ ടെസ്റ്റ്; എതിര്‍ത്ത് പ്രശാന്ത് ഭൂഷണ്‍