കൊൽക്കത്ത: കാളീദേവിയുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ പിന്തുണച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ‘വിദ്വേഷം നിറഞ്ഞ, കെട്ടിച്ചമച്ച വിവാദങ്ങൾ എനിക്ക് അപരിചിതമല്ല, എന്നാൽ മഹുവ മൊയ്ത്രക്കെതിരെ നടക്കുന്ന ആക്രമണം എന്നെ ഞെട്ടിച്ചു. എല്ലാ ഹിന്ദു വിശ്വാസികൾക്കും അറിയാവുന്നത് പോലെ, ഹിന്ദു ആരാധന രാജ്യത്തിന്റെ പലഭാഗത്തും പലതരത്തിലാണ്. അർപ്പിക്കുന്ന വസ്തുക്കൾ വ്യക്തമാക്കുന്നത് അത് നേദിക്കുന്നവരെ കുറിച്ചാണ്. അല്ലാതെ ദേവതയെ കുറിച്ചല്ല’; തരൂർ ട്വിറ്ററിൽ കുറിച്ചു.
ആരുടേയും മതവികാരം വേണപ്പെടാതെ മതത്തിന്റെ ഒരു വശത്തെ കുറിച്ചും പരസ്യമായി പറയാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് നമ്മൾ എത്തിപ്പെട്ടിട്ടുണ്ട്. മഹുവ മൊയ്ത്ര ആരെയും അവഹേളിക്കാൻ ശ്രമിച്ചിട്ടില്ല എന്നത് വ്യക്തമാണ്. മതവിശ്വാസം വ്യക്തികളുടെ സ്വകാര്യ വിഷയമായി വിട്ടുകൊടുക്കാൻ തയ്യാറാകണമെന്നാണ് ഓരോരുത്തരോടും തനിക്ക് അഭ്യർഥിക്കാനുള്ളതെന്നും തരൂർ പറഞ്ഞു.
ഇതിനിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് ജിതൻ ചാറ്റർജി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മഹുവ മൊയ്ത്രക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാദമായതോടെ മഹുവയെ തള്ളി തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു.
കാളീദേവിയുമായി ബന്ധപ്പെട്ട സിനിമയുടെ പോസ്റ്ററിനെ കുറിച്ചുള്ള മഹുവയുടെ പരാമർശമാണ് വിവാദമായത്. തന്റെ അഭിപ്രായത്തിൽ കാളീദേവി മാംസഭുക്കായ, മദ്യം കഴിക്കുന്ന ദൈവമാണെന്നാണ് മഹുവ അഭിപ്രായപ്പെട്ടത്. വിഷയം ബിജെപി ഏറ്റെടുത്ത് വിവാദമാക്കുകയായിരുന്നു.
Most Read: കനത്ത മഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി; വൈറൽ ബോയ് ആരെന്ന് തിരഞ്ഞ് സ്വിഗ്ഗി








































