മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖിനെതിരെ ഉയർന്ന ആരോപണം മുകേഷ് അംബാനി കേസിലെ അന്വേഷണത്തിൽ നിന്ന് ശ്രദ്ധ വഴിതിരിച്ചു വിടാനാണെന്ന് ശരദ് പവാർ. മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ നടന്ന അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് പുറത്താക്കപ്പെട്ട ശേഷമാണ് മുൻ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആരോപണം വിശ്വസനീയം അല്ലെന്നും ശരദ് പവാർ പറഞ്ഞു.
“പ്രധാന വിഷയം അംബാനിക്ക് ഉണ്ടായ ബോംബ് ഭീഷണിയാണ്. തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് (എടിഎസ്) ചെയ്തതിനു ശേഷം, ആരാണ് മൻസൂക് ഹിരണിനെ കൊന്നതെന്ന് ഇപ്പോൾ വ്യക്തമാണ്. എന്തിനാണ് മൻസുഖ് ഹിരണിനെ കൊന്നത്? ആരുടെ നിദേശപ്രകാരമാണ് കൃത്യം നടത്തിയത് എന്നെല്ലാം അന്വേഷണം പുരോഗമിക്കുന്നതിനിടെ പുറത്തുവരും. മുംബൈ എടിഎസ് അന്വേഷിക്കുന്നത് ശരിയായ ദിശയിലാണ്. ഇപ്പോൾ ഇത് വഴിതിരിച്ചുവിടാൻ അവ്യക്തമായ ആരോപണങ്ങൾ പരംബീർ സിങ് ഉന്നയിക്കുകയാണ്,”- പവാർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ ഉയർന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. സച്ചിൻ വാസെയെ കണ്ടുവെന്ന് പറയപ്പെടുന്ന ദിവസം അനിൽ ദേശ്മുഖ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു എന്നും ശരദ് പവാർ പറഞ്ഞു.
മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തു കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട പരംബീര്‍ സിങ്ങിന്റെ കത്തിലാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മുകേഷ് അംബാനി കേസിൽ സസ്പെൻഷനിലായ മഹാരാഷ്ട്ര ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ സച്ചിന് വാസെയെ ഉപയോഗിച്ച് മുംബൈയിലെ ഭക്ഷണശാലകള്‍, ബാറുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും 100 കോടി ഭീഷണിപ്പെടുത്തി കൈക്കലാക്കുവാന്‍ ശ്രമം നടന്നുവെന്നാണ് കത്തിൽ ആരോപിക്കുന്നത്.
വാസെയെപ്പോലെ വിവിധ ഉദ്യോഗസ്ഥര്‍ക്ക് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയില്‍ നിന്നും ഇത്തരത്തില്‍ നിര്‍ദേശം എത്തിയിട്ടുണ്ടെന്നാണ് കത്തിലെ ആരോപണം. ഒപ്പം ക്രമസമാധാന പാലനത്തില്‍ ആഭ്യന്തര മന്ത്രിയുടെ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്.
Also Read: സൂക്ഷിക്കുക, ബിജെപിക്ക് ധ്രുവീകരണത്തിന് അവസരം നൽകരുത്; സൽമാൻ ഖുർഷിദ്









































