മുംബൈ: മഹാരാഷ്‍ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെ ഇഡി കസ്‌റ്റഡിയില്‍ വിട്ടു. നവംബര്‍ 12 വരെ കസ്‌റ്റഡി അനുവദിച്ചുകൊണ്ട് മഹാരാഷ്‍ട്ര ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ദേശ്‌മുഖിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടുകൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ പ്രത്യേക കോടതി ഉത്തരവ് മരവിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി ഇന്ന് പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ആറാം തീയതി ദേശ്‌മുഖിനെ 14 ദിവസം ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടുകൊണ്ട് പ്രത്യേക കോടതി പുറത്തുവിട്ട ഉത്തരവ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി ഹരജി സമര്‍പ്പിച്ചിരുന്നു. ദേശ്‌മുഖിനെ ചോദ്യം ചെയ്യാന്‍ അഞ്ച് ദിവസമേ കിട്ടിയുള്ളൂയെന്നും അതില്‍ രണ്ടുദിവസം ദീപാവലി അവധി ആയിരുന്നെന്നും ഇഡി വാദിച്ചു. 100 കോടിയുടെ അഴിമതി ആരോപണം ഉള്ള കേസ് ആയതിനാല്‍ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് ചൂണ്ടിക്കാട്ടി.
ഇക്കാര്യം പരിഗണിച്ചാണ് ജസ്‌റ്റിസ് മാധവ് ജാംദാര്‍ അധ്യക്ഷനായ അവധിക്കാല ബെഞ്ച് മുന്‍ മന്ത്രിയെ നവംബര്‍ 12 വരെ ഇഡി കസ്‌റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. നവംബർ ഒന്നിനാണ് അനിൽ ദേശ്‌മുഖ് അറസ്‌റ്റിലായത്. മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ ആരോപണങ്ങളെ തുടർന്ന് ഈ വർഷം ആദ്യം ദേശ്‌മുഖ് മന്ത്രിസ്‌ഥാനം രാജിവെച്ചിരുന്നു. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തെറ്റായതും കെട്ടിച്ചമച്ചതുമാണ് എന്നാണ് അനിൽ ദേശ്‌മുഖ് വാദിക്കുന്നത്.
ഇതിനിടെ ആരോപണത്തിൽ നിലപാട് മാറ്റി മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗ് രംഗത്തു വന്നിരുന്നു. അനിൽ ദേശ്‌മുഖിനെതിരെ തന്റെ പക്കൽ തെളിവില്ലെന്ന് പരംബീർ സിംഗ് പറഞ്ഞിരുന്നു. അന്വേഷണ കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പരംബീർ സിംഗ് ഇക്കാര്യം അറിയിച്ചത്.
100 കോടി രൂപ പിരിക്കാൻ ആവശ്യപ്പെട്ടു എന്നായിരുന്നു അനിൽ ദേശ്‌മുഖിനെതിരെ പരംബീർ സിംഗ് ഉന്നയിച്ച ആരോപണം. ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിന് വലിയ തലവേദന സൃഷ്‌ടിച്ച കേസിൽ ദേശ്‌മുഖിന്റെ രാജി ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തിയിരുന്നത്. ഇതിന് പിന്നാലെ പരംബീർ സിംഗിനെതിരെ ദേശ്‌മുഖ് മാനനഷ്‌ടകേസും നൽകിയിരുന്നു. തുടർന്നാണ് നേരത്തെ ഉന്നയിച്ച ആരോപണങ്ങളിൽ നിലപാട് മാറ്റി പരംബീർ സിംഗ് രംഗത്തെത്തിയത്.
Read also: ഇന്ധന വില കുറച്ച് പഞ്ചാബ്; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍