മുംബൈ: മഹാരാഷ്‍ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റെ മൊഴി രേഖപ്പെടുത്തി. അഞ്ച് മണിക്കൂറോളമാണ് ഇഡി ഉദ്യോഗസ്‌ഥര്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്‌തത്. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നേരത്തെ നോട്ടീസ് അയച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ നവംബര്‍ മൂന്നിന് അറസ്‌റ്റിലായ അനില്‍ ദേശ്‌മുഖ് നിലവില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്. കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തതിന് പിന്നാലെയാണ് ഇഡി കേസെടുത്തത്.
മഹാരാഷ്‍ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ് അഴിമതിക്കാരനാണെന്നും ബിസിനസുകാരുടെ കൈയ്യില്‍ നിന്നും പണം തട്ടാന്‍ തന്നോട് ആവശ്യപ്പെട്ടതായുമുള്ള പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അനില്‍ ദേശ്‌മുഖ് രാജി വെച്ചിരുന്നു. എന്നാല്‍ ഈ വെളിപ്പെടുത്തലിന് പിന്നാലെ പരംബീറിനെ കാണാതാവുകയായിരുന്നു. കെട്ടിട നിര്‍മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടല്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ പരംബീറിനെതിരെ നിലവിലുണ്ട്.
Read also: കശ്‌മീരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ല; ഗുലാം നബി ആസാദ്