മുംബൈ: ജയിലിൽ കഴിയുന്ന മഹാരാഷ്‌ട്ര ഭരണകക്ഷി പാർട്ടി നേതാക്കളായ നവാബ് മാലിക്, അനിൽ ദേശ്‌മുഖ് എന്നിവർക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. ഇരു നേതാക്കൾക്കും മുംബൈയിലെ കോടതി ജാമ്യം നിഷേധിച്ചു.
തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്. ഇരുവരും ഹൈക്കോടതിയെ സമീപിച്ചേക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫെബ്രുവരിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തത് മുതൽ മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക് ജയിലിലാണ്.
സംസ്‌ഥാനത്തെ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖും സമാനമായ ആരോപണങ്ങളിൽ ജയിലിലാണ്. വെള്ളിയാഴ്‌ച നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ഇരുവരും ഒരു ദിവസത്തെ ജാമ്യം ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്‌ട്രയിലെ ആറ് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഭരണകക്ഷിയായ ശിവസേന സഞ്‌ജയ് റാവത്ത്, സഞ്‌ജയ് പവാർ എന്നീ രണ്ട് സ്‌ഥാനാർഥികളെയാണ് മൽസര രംഗത്ത് ഇറക്കിയത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, അനിൽ ബോണ്ടെ, ധനഞ്‌ജയ് മഹാദിക് എന്നീ മൂന്ന് സ്‌ഥാനാർഥികളെയാണ് പ്രതിപക്ഷമായ ബിജെപി മൽസരിപ്പിച്ചിരിക്കുന്നത്.
ഭരണ സഖ്യകക്ഷികളായ നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) കോൺഗ്രസും ഓരോ സ്‌ഥാനാർഥികളെ വീതം നാമനിർദ്ദേശം ചെയ്‌തിട്ടുണ്ട്. പ്രഫുൽ പട്ടേലും ഇമ്രാൻ പ്രതാപ്ഗഢിയുമാണ് സ്‌ഥാനാർഥികൾ. രണ്ട് പതിറ്റാണ്ടിനിപ്പുറം ഇതാദ്യമായാണ് ഏഴ് സ്‌ഥാനാർഥികളുമായി മൽസരിക്കുന്നത്.
Most Read: സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാനായി ഇഡി കോടതിയിൽ അപേക്ഷ നൽകി