നിരീക്ഷകർ മടങ്ങി; റിപ്പോർട് നൽകും, തീരുമാനം ഹൈക്കമാൻഡിന്റേത്

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടനാ ജനറൽ സെക്രട്ടറി കെസി. വേണുഗോപാലും രമേശ് ചെന്നിത്തലയും നടത്തുന്ന ചരടുവലികൾ നേതൃത്വത്തെ കുഴപ്പത്തിലാക്കുന്നുണ്ട്. എല്ലാവരെയും തൃപ്‌തിപ്പെടുത്തിക്കൊണ്ട് ഹൈക്കമാൻഡിന് ഒരു അന്തിമ തീരുമാനം എടുക്കേണ്ടതായി വരും

By Senior Reporter, Malabar News
Mukul Wasnik and Ajay Maken
മുകുൾ വാസ്‌നിക്, അജയ് മാക്കൻ (Image Courtesy: x.com )

തിരുവനന്തപുരം: എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും ഇന്ന് ഡെൽഹിയിലേക്ക് മടങ്ങും. കേരളത്തിൽ ആര് മുഖ്യമന്ത്രി ആകണമെന്നുള്ള കാര്യത്തിൽ ഇഎംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങൾ കേട്ടറിഞ്ഞതിന് ശേഷമാണ് ഇവർ ഡെൽഹിയിലേക്ക് മടങ്ങുന്നത്.

ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ചർച്ചകൾക്ക് ശേഷം ഹൈക്കമാൻഡ് കേരളത്തിൽ നിന്നുള്ള നേതാക്കളെ ഡെൽഹിയിലേക്ക് വിളിപ്പിച്ചു കൂടിക്കാഴ്‌ച നടത്തുമെന്നാണ് റിപ്പോർട്. തുടർന്നായിരിക്കും മുഖ്യമന്ത്രി ആരെന്നതിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

കെ. സുധാകരൻ, വിഎം. സുധീരൻ, കൊടിക്കുന്നിൽ സുരേഷ്, പിജെ. കുര്യൻ, മാത്യു കുഴൽനാടൻ തുടങ്ങിയവരുമായി നിരീക്ഷകർ കൂടിക്കാഴ്‌ച നടത്തി. ഇന്നലെ തിരുവനന്തപുരത്തെത്തിയ നിരീക്ഷകർ മുതിർന്ന നേതാവ് എകെ. ആന്റണിയുമായി ഇന്ദിരാഭവനിൽ വെച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ഇന്ദിരാഭവനിൽ ഇന്ന് നടന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ അജയ് മാക്കനും മുകുൾ വാസ്‌നിക്കും പങ്കെടുത്തിരുന്നു. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാനുള്ള പൂർണ അധികാരം എഐസിസി പ്രസിഡണ്ടിന് നൽകിക്കൊണ്ടുള്ള പ്രമേയം യോഗം ഏകകണ്‌ഠമായി പാസാക്കിയതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.

പ്രമേയത്തെ വിഡി. സതീശൻ പിന്താങ്ങി. പ്രമേയം ഇതിനോടകം തന്നെ എഐസിസിക്ക് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്. തുടർന്ന് 63 എംഎൽഎമാരുമായും ഒറ്റയ്‌ക്കൊറ്റയ്‌ക്ക് കൂടിക്കാഴ്‌ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുൻഷിയും ഇവർക്കൊപ്പമുണ്ടായിരുന്നു.

2021ൽ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്‌ഥാനത്ത്‌ നിന്ന് മാറ്റിയ രീതി ആവർത്തിക്കരുതെന്നാണ് മുതിർന്ന നേതാക്കളുടെ നിർദ്ദേശം. മുഖ്യമന്ത്രിയായി ആരെ നിയമിച്ചാലും ബാക്കി ഉള്ളവരെ കൂടി ബോധ്യപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. എംഎൽഎമാരുടെ പിന്തുണയ്‌ക്ക് പുറമെ മറ്റുപല കാര്യങ്ങളും പരിഗണിക്കപ്പെടുമെന്നാണ് ദേശീയ നേതൃത്വം വ്യക്‌തമാക്കുന്നത്. ഘടകകക്ഷി നേതാക്കളുമായും നിരീക്ഷകർ കൂടിക്കാഴ്‌ച നടത്തി.

വിഡി. സതീശനെ അനുകൂലിക്കുന്ന നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചതെന്നാണ് സൂചന. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ പ്രത്യേകിച്ച് ആരുടേയും പേര് നിർദ്ദേശിച്ചിട്ടില്ലെന്നും കേരളത്തിലെ ജനവികാരം കണക്കിലെടുത്ത് വേണം ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കാനെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ പക്ഷം.

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടനാ ജനറൽ സെക്രട്ടറി കെസി. വേണുഗോപാലും രമേശ് ചെന്നിത്തലയും നടത്തുന്ന ചരടുവലികൾ നേതൃത്വത്തെ കുഴപ്പത്തിലാക്കുന്നുണ്ട്. എല്ലാവരെയും തൃപ്‌തിപ്പെടുത്തിക്കൊണ്ട് ഹൈക്കമാൻഡിന് ഒരു അന്തിമ തീരുമാനം എടുക്കേണ്ടതായി വരും. ഞായറാഴ്‌ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE