ന്യൂഡെല്‍ഹി: പണം തട്ടല്‍ കേസിൽ ഉള്‍പ്പെട്ട മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് ഒളിവിലല്ലെന്ന് അഭിഭാഷകന്‍. കേസില്‍ വാദം നടക്കവേ പരംബീര്‍ സിങ് എവിടെയാണെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിനാണ് അഭിഭാഷകന്റെ മറുപടി. പരംബീറിന് എങ്ങോട്ടും ഒളിച്ചോടേണ്ട ആവശ്യമില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു.
മഹാരാഷ്‍ട്രയില്‍ കാല് കുത്തിയ അന്ന് മുതല്‍ മുംബൈ പോലീസ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. വാതുവെപ്പുകാരും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്നവരുമാണ് അദ്ദേഹത്തിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. അറസ്‌റ്റില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന പരംബീറിന്റെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു.
ഇന്ന് കേസിന്റെ വാദം കേള്‍ക്കവേ രൂക്ഷമായാണ് സുപ്രീം കോടതി പ്രതികരിച്ചത്. ‘അദ്ദേഹം എവിടെയാണ്? രാജ്യത്തിനകത്തോ പുറത്തോ ഉണ്ടോ? മറ്റേതെങ്കിലും സംസ്‌ഥാനത്താണോ എവിടെയാണെന്ന് ആദ്യം പറയൂ’ പോലീസ് കമ്മീഷണറായിരുന്നത് കൊണ്ട് അദ്ദേഹത്തിന് പ്രത്യേക പരിഗണ നല്‍കാനാവില്ല. സംരക്ഷണമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കോടതി സംരക്ഷിച്ചാല്‍ മാത്രമേ അദ്ദേഹം ഇന്ത്യയിലേക്ക് വരുകയുള്ളോ’- കോടതി ചോദിച്ചു.
മഹാരാഷ്‍ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ് അഴിമതിക്കാരനാണെന്നും ബിസിനസുകാരുടെ കൈയ്യില്‍ നിന്നും പണം തട്ടാന്‍ തന്നോട് ആവശ്യപ്പെട്ടതായുമുള്ള പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അനില്‍ ദേശ്‌മുഖ് രാജി വെച്ചിരുന്നു. എന്നാല്‍ ഈ വെളിപ്പെടുത്തലിന് പിന്നാലെ പരംബീറിനെ കാണാതാവുകയായിരുന്നു. കെട്ടിട നിര്‍മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടല്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ പരംബീറിനെതിരെ നിലവിലുണ്ട്.
Read also: പുള്ളിപ്പുലി ആക്രമണം; മധ്യപ്രദേശിൽ ആദിവാസി ബാലൻ കൊല്ലപ്പെട്ടു