ന്യൂഡെൽഹി: കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്. കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പുതിയ പഠന റിപ്പോർട്. നേരത്തെ, കോവിഷീൽഡ് വാക്സിന് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടെന്ന് കമ്പനി തന്നെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ വിപണിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.
തൊട്ടുപിന്നാലെയാണ്, പുതിയ റിപ്പോർട്ടും പുറത്തുവരുന്നത്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 2022 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെയായിരുന്നു പഠനം. 291 മുതിർന്നവരിലും 635 കൗമാരക്കാരിലുമായി ആകെ 926 പേരിലായിരുന്നു പഠനം.
ഒരുവർഷം കഴിഞ്ഞ ശേഷം 926 പേരിൽ 50 ശതമാനത്തോളം പേർക്ക് അണുബാധയുണ്ടായതായി സ്ഥിരീകരിച്ചു. കൂടാതെ, വാക്സിൻ സ്വീകരിച്ചവർക്ക് ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, സ്ത്രീകൾക്ക് ആർത്തവ പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെട്ടെന്ന് പഠനത്തിൽ പറയുന്നു.
മുതിർന്നവരിൽ നാലുപേർ മരിച്ചു. ഈ നാലുപേരും പ്രമേഹബാധിതരായിരുന്നു. മൂന്ന് പേർക്ക് ഹൈപ്പർ ടെൻഷനും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർ ഇങ്ക് എന്ന ജേർണലിൽ പഠന റിപ്പോർട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണ് കോവാക്സിൻ നിർമിച്ച് വിതരണം ചെയ്തത്.
Related News | ഗുരുതര പാർശ്വഫലങ്ങളെന്ന് റിപ്പോർട്; കൊവിഡ് വാക്സിൻ പിൻവലിച്ച് അസ്ട്രോസെനക