പാലക്കാട്: സംസ്ഥാനത്ത് കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ളസ് കണ്ടെത്തിയ സാഹചര്യത്തിൽ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ജാഗ്രത വർധിപ്പിച്ചു. പത്തനംതിട്ട കടപ്രയില്‍ ഒരാൾക്കും പാലക്കാട് രണ്ട് പേർക്കുമാണ് കോവിഡ് ഡെല്‍റ്റ പ്ളസ് വകഭേദം റിപ്പോര്‍ട് ചെയ്തിട്ടുള്ളത്.
പാലക്കാട് ജില്ലയിലെ പറളി, പിരായരി പഞ്ചായത്തുകളിലെ 50 വയസിൽ താഴെയുള്ള രണ്ട് സ്ത്രീകളിലാണ് ഡെൽറ്റ പ്ളസ് കണ്ടെത്തിയത്. ഇരുവർക്കും രോഗം ഭേദമായി. പറളിയിൽ റിപ്പോർട് ചെയ്ത കേസിൽ ലക്ഷണങ്ങളുണ്ടായിരുന്നില്ല. എന്നാൽ പിരായരിയിൽ റിപ്പോർട് ചെയ്ത കേസിൽ ലക്ഷണങ്ങളുണ്ടായിരുന്നു.
ഇവരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് ടെസ്റ്റ് നടത്തിയതാണ്. വൈറസിന് വ്യാപനം കൂടുതലായതിനാൽ കരുതൽ വേണം. പരിശോധനകൾ കൂട്ടുമെന്നും രണ്ടിടത്തും ജാഗ്രത ശക്തമാക്കുമെന്നും ഡിഎംഒ ഡോ. റീത്ത പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഡിഎംഒ അറിയിച്ചു.
പത്തനംതിട്ടയിൽ കടപ്ര പഞ്ചായത്തിലെ 14ആം വാര്‍ഡിലെ നാല് വയസുള്ള ആണ്‍കുട്ടിയിലാണ് ഡെല്‍റ്റ പ്ളസ് കണ്ടെത്തിയത്. മെയ് മാസം 24നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. ഇപ്പോൾ കുട്ടി കോവിഡ് നെഗറ്റീവാണ്. രോഗം പകരാതിരിക്കാനുള്ള കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിൽ വന്നിട്ടുള്ള സുപ്രധാന ജനിതക മാറ്റമാണ് ഡെൽറ്റ പ്ളസ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ളവയാണ് ഡെൽറ്റ പ്ളസ് വകഭേദം. ഡെൽറ്റ വകഭേദം ബാധിച്ച ഒരാളിൽ നിന്ന് സാധാരണ നിലയിൽ 3 പേർക്കാണ് രോഗം പകരാൻ സാധ്യത. എന്നാൽ ഡെൽറ്റ പ്ളസ് ബാധിതനായ ഒരാളിൽ നിന്നും 5 മുതൽ 10 പേരിലേക്ക് വരെ രോഗവ്യാപനം ഉണ്ടാകാം.
National News: മൂന്നാം മുന്നണിയെന്ന ആശയം കാലഹരണപ്പെട്ടത്; പ്രശാന്ത് കിഷോർ







































