തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരംഭിച്ച കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും. ഇന്നലെയും ഇന്നുമായാണ് കൂട്ടപരിശോധന നടക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പരിശോധന വർധിപ്പിക്കാനാണ് നിർദേശം.
രണ്ട് ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേരിൽ പരിശോധന നടത്തുകയാണ് കൂട്ട പരിശോധനയിലൂടെ ലക്ഷ്യം വച്ചത്. ആദ്യ ദിനമായ വെള്ളിയാഴ്ച 1,33,836 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേരെ പരിശോധിച്ചത്, 19,300 പേർ.
എറണാകുളത്ത് 16,210 പേരെയും തിരുവനന്തപുരത്ത് 14,087 പേരെയും പരിശോധിച്ചു. ഏറ്റവും കുറവ് പരിശോധന ഇടുക്കിയിലാണ്, 3,055 പേർ. ഇവിടെ കോവിഡ് വ്യാപനം കുറവാണ്. ഇന്നത്തെ ദിവസം രണ്ടര ലക്ഷം പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുക.
അതേസമയം, സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു.
Also Read: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യവുമായി ബസ് ഉടമകൾ






































