ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,253 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 83,13,877 ആയി ഉയർന്നു. രാജ്യത്ത് പ്രതിദിന കോവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 6,862 പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സജീവ രോഗികളുടെ എണ്ണത്തില്‍ 7,618 കുറവ് രേഖപ്പെടുത്തി. രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും കോവിഡ് പ്രതിദിന കണക്ക് 50,000ൽ താഴെ എത്തിയത് നേട്ടമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കാക്കുന്നത്.
6725 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോട ഡെൽഹിയിൽ ആകെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷമായി. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.29 ശതമാനമാണ്. 59,540 ടെസ്റ്റുകളാണ് ഇവിടെ നടത്തിയത്. ഡെൽഹിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 6000 കടക്കുന്നത് ഇതാദ്യമാണ്. പ്രതിദിന കോവിഡ് കണക്കിൽ നേരത്തെ പൂനെയായിരുന്നു മുമ്പിൽ.
Also Read: റെയ്ഡ്; ഇഡി സംഘം ബിനീഷ് കോടിയേരിയുടെ വീട്ടിൽ
രാജ്യത്ത് നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം 5,33,787 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ആകെ 76,56,478 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,357 പേര് രോഗമുക്തരായി. രോഗമുക്തി നിരക്കില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 514 പേരുടെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,23,611 ആയി.
അതേസമയം, ആഗോളതലത്തിൽ 4,72,23,246 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 12,09,941 പേർ കോവിഡ് മൂലം മരണമടഞ്ഞു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ രോഗബാധ വർധിക്കുമെന്നാണ് കണക്കാക്കുന്നത്. യൂറോപ്പിലും രോഗവ്യാപനം രൂക്ഷമാണ്. ലോകത്ത് ആകെ 3,15,23,055 പേര് ഇതു വരെ രോഗമുക്തി നേടി.
National News: പേരറിവാളന്റെ മോചനം; തീരുമാനം നീട്ടുന്നതിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി







































