ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും അന്പതിനായിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 50,357 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 84,62,081 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 577 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,25,562 ആയി ഉയര്‍ന്നു.
രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് മുക്തരായ ആളുകളുടെ എണ്ണം 53,920 ആണ്. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് ബാധിച്ചവരില്‍ 78,19,887 ആളുകളും കോവിഡ് മുക്തരായിട്ടുണ്ട്. ഇതോടെ ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 5,16,532 ആയി കുറഞ്ഞു. 92.41 ശതമാനം ആണ് നിലവിലെ കോവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 11,13,209 ആളുകളില്‍ കോവിഡ് പരിശോധന നടത്തിയതായി ഐസിഎംആര്‍ വ്യക്തമാക്കി.
തലസ്ഥാന നഗരിയായ ഡെല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനമാണ് ഡെല്‍ഹിയിലെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ കോവിഡ് രോഗികള്‍ ഏഴായിരം കടന്നു. 7,178 ആളുകള്‍ക്കാണ് ഇന്നലെ ഡെല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് പ്രകടമാകുന്നുണ്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 5,027 ആളുകള്‍ക്കും, തമിഴ്നാട്ടില്‍ 2,370 ആളുകള്‍ക്കുമാണ് രോഗബാധ ഉണ്ടായത്.
Read also : പരാജപ്പെട്ട അധ്യക്ഷനാവാന്‍ ശ്രമിക്കരുത്; കെ സുരേന്ദ്രന് ആര്‍എസ്എസിന്റെ താക്കീത്






































