ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കേരള-തമിഴ്നാട് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയതായി തമിഴ്നാട് കുടുംബക്ഷേമ ആരോഗ്യ വകുപ്പ് മന്ത്രി എം സുബ്രഹ്‌മണ്യന്‍. കേരളത്തില്‍ കോവിഡ് രോഗവ്യാപനം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്‌താവന.
തമിഴ്‌നാട്ടിലേക്ക് കേരളത്തില്‍ നിന്നും വരുന്ന എല്ലാവരെയും അതിര്‍ത്തികളില്‍ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. വിമാനം, ട്രെയിന്‍ മാര്‍ഗം എത്തുന്നവരെ പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട്.
കൂടാതെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ണമാക്കുന്നതിനായി എല്ലാ ഭാഗത്തും വാക്‌സിനേഷന്‍ ലഭ്യമാക്കി വരുന്നതായും അദ്ദേഹം അറിയിച്ചു. 80 വയസിന് മുകളിലുള്ള വയോധികര്‍ക്ക് വീടുകളില്‍ ചെന്ന് കുത്തിവെപ്പ് നടത്തുന്നുണ്ട്. ഇതില്‍ ചെന്നൈ നഗരസഭയാണ് മുന്‍പന്തിയില്‍. നിലവിൽ എവിടെയും വാക്‌സിന്‍ ക്ഷാമം ഇല്ലെന്നും മന്ത്രി എം സുബ്രഹ്‌മണ്യന്‍ വ്യക്‌തമാക്കി.
അതേസമയം കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,801 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 1,70,703 സാമ്പിളുകൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 18,573 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 179 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി 19.22 ശതമാനമാണ്. നിലവിൽ 1,95,254 പേരാണ് ചികിൽസയിലുള്ളത്.
Most Read: കരുതല്‍ വീട്ടില്‍നിന്ന്; ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ