കരുതല്‍ വീട്ടില്‍നിന്ന്; ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

By Staff Reporter, Malabar News
home isolation
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ചുറ്റുപാടും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവരും അവരുടെ വീട്ടുകാരും അല്‍പം ശ്രദ്ധിച്ചാല്‍ മറ്റുള്ളവര്‍ക്ക് രോഗം വരാതെ സംരക്ഷിക്കാനാകുമെന്ന് മന്ത്രി ഓർമിപ്പിച്ചു.

ഹോം ഐസൊലേഷന്‍ എന്നത് വീട്ടിലെ ഒരു മുറിയില്‍ തന്നെ കഴിയണമെന്നതാണ്. ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകരുത്. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ ലക്ഷണങ്ങൾ ഇല്ലാത്തവര്‍ക്കാണ് ഹോം ക്വാറന്റെയ്ന്‍ അനുവദിക്കുന്നത്. ഗൃഹാന്തരീക്ഷമാണ് പലരും ആഗ്രഹിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് ഹോം ഐസൊലേഷന്‍ എന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഗുരുതരാവസ്‌ഥ സംഭവിക്കുകയാണെങ്കില്‍ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള ത്രിതല സംവിധാനങ്ങളുമുണ്ട്; മന്ത്രി വ്യക്‌തമാക്കി.

ഹോം ഐസൊലേഷന്‍ എങ്ങനെ?

ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിൽ ഉള്ളവര്‍ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ലഭ്യമാണ്. എസിയുള്ള മുറി ഒഴിവാക്കണം. വീട്ടില്‍ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ മുറിക്ക് പുറത്തിറങ്ങാന്‍ പാടില്ല. ഇടക്കിടെ കൈകള്‍ കഴുകണം. മുറിക്ക് പുറത്ത് രോഗി ഇറങ്ങിയാല്‍ അവർ സ്‌പര്‍ശിച്ച പ്രതലങ്ങള്‍ അണുവിമുക്‌തമാക്കണം. വീട്ടിലുള്ള എല്ലാവരും ഡബിള്‍ മാസ്‌ക് ധരിക്കണം. രോഗീ പരിചണം നടത്തുന്നവര്‍ എന്‍ 95 മാസ്‌ക് ധരിക്കണം.

സാധനങ്ങള്‍ കൈമാറരുത്

ആഹാര സാധനങ്ങള്‍, ടിവി റിമോട്, ഫോണ്‍ മുതലായവ രോഗമില്ലാത്തവരുമായി പങ്കുവെക്കാന്‍ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്‍ത്രങ്ങളും അവര്‍ തന്നെ കഴുകുന്നതായിരിക്കും നല്ലത്. നിരീക്ഷണത്തിലുള്ള വ്യക്‌തി ഉപയോഗിച്ച പാത്രം, വസ്‍ത്രങ്ങള്‍, മേശ, കസേര, ബാത്ത്‌റൂം മുതലായവ ബ്‌ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്‌പൂണ്‍ ബ്‌ളീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് വൃത്തിയാക്കണം.

വെള്ളവും ആഹാരവും ഉറക്കവും വളരെ പ്രധാനം

വീട്ടില്‍ കഴിയുന്നവര്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഫ്രിഡ്‌ജില്‍ വച്ച തണുത്ത വെള്ളവും ഭക്ഷണ പദാര്‍ഥങ്ങളും ഒഴിവാക്കണം. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാര്‍ഥങ്ങളാണ് കഴിക്കേണ്ടത്. പറ്റുമെങ്കില്‍ പലതവണ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് തൊണ്ട ഗാര്‍ഗിള്‍ ചെയ്യുന്നത് നന്നായിരിക്കും. ഉറക്കവും വളരെ പ്രധാനമാണ്. 8 മണിക്കൂറെങ്കിലും ഉറങ്ങുക.

സ്വയം നിരീക്ഷണം അനിവാര്യം

വീട്ടില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ ദിവസവും സ്വയം നിരീക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. സങ്കീര്‍ണതകള്‍ വരികയാണെങ്കില്‍ നേരത്തെ കണ്ടുപിടിക്കാനും വിദഗ്‌ധ ചികിൽസ ലഭ്യമാക്കാനും സ്വയം നിരീക്ഷണം ഏറെ സഹായിക്കും. പള്‍സ് ഓക്‌സി മീറ്റര്‍ വീട്ടില്‍ കരുതുന്നത് നന്നായിരിക്കും. പള്‍സ് ഓക്‌സി മീറ്ററിലൂടെ കാണിക്കുന്ന ഓക്‌സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗ ലക്ഷണങ്ങളും ദിവസവും ഒരു ബുക്കില്‍ കുറിച്ച് വെക്കണം.

കോവിഡ് രോഗിയെ ഗുരുതരമായ അവസ്‌ഥയിലാക്കുന്നത് രക്‌തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതാണ്. അതിനാല്‍ പള്‍സ് ഓക്‌സി മീറ്റര്‍ കൊണ്ട് ദിവസവും രക്‌തത്തിലെ ഓക്‌സിജന്റെ അളവ് നോക്കണം.

സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് 96ന് മുകളിലായിരിക്കും. ഓക്‌സിജന്റെ അളവ് 94ല്‍ കുറവായാലും നാഡിമിടിപ്പ് 90ന് മുകളിലായാലും ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്. 6 മിനിറ്റ് നടന്ന ശേഷം രക്‌തത്തിലെ ഓക്‌സിജന്റെ അളവ് നേരത്തെയുള്ളതില്‍ നിന്ന് 3 ശതമാനമെങ്കിലും കുറവാണെങ്കിലും ശ്രദ്ധിക്കണം. ചെറിയ രോഗ ലക്ഷണങ്ങൾ ഉള്ളവര്‍ക്ക് ഇ സഞ്‍ജീവനി വഴിയും ചികിൽസ തേടാം.

അപായ സൂചനകള്‍ തിരിച്ചറിയണം

ശ്വാസം മുട്ടല്‍, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിതമായ ക്ഷീണം, അമിതമായ ഉറക്കം, കഫത്തില്‍ രക്‌തത്തിന്റെ അംശം കാണുക, തീവ്രമായ പനി, ബോധക്ഷയം അല്ലെങ്കില്‍ മോഹാലസ്യപ്പെടുക തുടങ്ങിയവ അപായ സൂചകങ്ങളാണ്. തലച്ചോറില്‍ ഓക്‌സിജന്‍ കാര്യമായി എത്താത്തത് കൊണ്ടുള്ള പ്രശ്‌നങ്ങളാലാണ് ഇവയില്‍ പലതും ഉണ്ടാകുന്നത്.

ഈ അപായ സൂചനകളോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെയോ ദിശ 104, 1056 എന്നീ നമ്പറുകളിലോ വിവരമറിയിക്കണം. ഈ സാഹചര്യത്തില്‍ ഒട്ടും പരിഭ്രമപ്പെടാതെ ആംബുലന്‍സ് എത്തുന്നതുവരെ കമിഴ്‌ന്ന് കിടക്കേണ്ടതാണ്.

ഹോം ഐസൊലേഷനിൽ ആണെങ്കിലും നിങ്ങളെ സഹായിക്കാൻ ആരോഗ്യ പ്രവര്‍ത്തകരും വാര്‍ഡുതല ജാഗ്രതാ സമിതികളും എപ്പോഴുമുണ്ട്. അതിനാല്‍ ഒരു ഘട്ടത്തിലും ആശങ്കപ്പെടേണ്ടതില്ല. അതേസമയം ജാഗ്രത കൈവിടുകയുമരുത്.

Most Read: അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണം; ബാലാവകാശ കമ്മീഷന്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE