ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് മൂന്നാം തരംഗം അവസാനിച്ചതായി വ്യക്തമാക്കി സർക്കാർ. നിലവിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായതോടെയാണ് വ്യാപനം അവസാനിച്ചതായി സർക്കാർ കണക്കാക്കുന്നത്. ഒമൈക്രോണിനെ തുടർന്ന് കോവിഡ് വ്യാപനത്തിൽ ശമനം ഉണ്ടായെങ്കിലും മുൻകരുതൽ നടപടികൾ തുടരുമെന്നും, വാക്സിനേഷൻ നടപടികൾ ഊർജിതമായി നടത്തുമെന്നും ആരോഗ്യവകുപ്പ് മന്ത്രി എം സുബ്രഹ്മണ്യൻ വ്യക്തമാക്കി.
സംസ്ഥാനത്ത് നേരത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 30,000 കടന്നിരുന്നു. ഇതാണ് ഇപ്പോൾ 3,000ലേക്ക് കുറഞ്ഞത്. കൂടാതെ 20 ശതമാനത്തോളമായ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തോളമായും കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോവിഡിന്റെ മൂന്നാം വ്യാപനം സംസ്ഥാനത്ത് അവസാനിച്ചതായി അധികൃതർ വ്യക്തമാക്കിയത്.
ജനുവരി ആദ്യവാരത്തിലാണ് തമിഴ്നാട്ടിൽ കോവിഡ് മൂന്നാം തരംഗം സ്ഥിരീകരിച്ചത്. തുടർന്ന് രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയർന്നു. രണ്ടാഴ്ചക്ക് ശേഷം ജനുവരി 26ആം തീയതിയോടെയാണ് പിന്നീട് രോഗബാധിതരുടെ എണ്ണത്തിൽ കുറവ് ഉണ്ടായത്. രോഗവ്യാപനം കുറഞ്ഞെങ്കിലും മാസ്ക് ധരിക്കുന്നത് ഉൾപ്പടെയുള്ള മുൻകരുതലുകൾ ഉപേക്ഷിക്കാൻ പാടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Read also: സംസ്ഥാനത്ത് നാളെ അങ്കണവാടികളും സ്കൂളുകളും തുറക്കുന്നു







































