പാരിസ്: മൂന്നാംഘട്ട പരീക്ഷണത്തിലുള്ള തങ്ങളുടെ കോവിഡ് വാക്സിന് 95 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി ഫൈസര്‍. പരീക്ഷണത്തിന്റെ അന്തിമ പരിശോധനയില്‍ വാക്സിന് ഫലപ്രദമാണെന്നു കണ്ടെത്തിയതായി ബഹുരാഷ്ട്ര മരുന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. കൂടാതെ വാക്സിന് പ്രായമായവരിലും ഗുരുതര രോഗമുള്ളവരിലും പരീക്ഷിച്ചപ്പോള്‍ അണുബാധ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കമ്പനി പറഞ്ഞു.
പരീക്ഷണത്തില്‍ 43,000 പേരാണ് പങ്കാളികളായതെന്നും ഇതില്‍ കോവിഡ് സ്ഥിരീകരിച്ചത് 170 പേര്‍ക്കാണെന്നും ഫൈസര്‍ പറയുന്നു. അതേസമയം ഇവരില്‍ 162 പേര്‍ക്കും വാക്സിനെന്ന പേരില്‍ മറ്റുവസ്തുവാണ് നല്‍കിയതെന്നും വാക്സിനെടുത്ത എട്ടുപേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചതെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഇതോടെയാണ് വാക്സിന് 95 ശതമാനം കാര്യക്ഷമമാണെന്ന് മനസിലായതെന്നും ഫൈസര്‍ വ്യക്തമാക്കി.
അതേസമയം യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അനുമതി ലഭിച്ചാല്‍ മാത്രമേ ഈ ബഹുരാഷ്ട്ര മരുന്ന് കമ്പനിക്ക് വാക്സിന് പുറത്തിറക്കാന്‍ സാധിക്കൂ.
നേരത്തെ വാക്സിന് 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് ഫൈസര്‍ അറിയിച്ചിരുന്നു. ജര്‍മന്‍ പങ്കാളിയായ ബയോടെക്കുമായി ചേര്‍ന്നാണ് കമ്പനി ക്ളിനിക്കല്‍ ട്രയല്‍ നടത്തിയത്. ട്രയലില്‍ വാക്സിന് ഗൗരവമേറിയ പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്തിയില്ലെന്നും അടിയന്തര ഉപയോഗത്തിനായി യുഎസ് അധികൃതരുടെ അനുമതി ഈ മാസം തന്നെ തേടുമെന്നും ഫൈസര്‍ അറിയിച്ചിരുന്നു.
Read Also: ലേയെ ജമ്മു കശ്മീരിന്റെ ഭാഗമായി ചിത്രീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്‍







































