മോസ്കോ: കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത സ്പുട്നിക് 5 വാക്സിൻ 92 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി റഷ്യ. നിലവിൽ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബെലാറസ്, യുഎഇ, വെനസ്വല തുടങ്ങിയ രാജ്യങ്ങളിൽ പുരോഗമിക്കുകയാണ്. വാക്സിന്റെ രണ്ടാം ഘട്ട, മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇന്ത്യയിലും നടക്കുന്നുണ്ട്.
ഓഗസ്റ്റിലാണ് സ്പുട്നിക് 5 വാക്സിൻ റഷ്യ രജിസ്റ്റർ ചെയ്തത്. വാക്സിന് രണ്ട് ഡോസാണുള്ളത്. പരീക്ഷണത്തിന്റെ ഭാഗമായി ഈ രണ്ട് ഡോസുകളും സ്വീകരിച്ച 16,000 പേരിൽ നിന്നുള്ള വിവരത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ ഫലം പുറത്തുവിട്ടിരിക്കുന്നതെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഐഎഫ്) അറിയിച്ചു. വാക്സിൻ രാജ്യാന്തര വിപണിയിൽ എത്തിക്കുന്നതിന് ആർഡിഐഎഫാണ് പിന്തുണ നൽകുന്നത്.
മോസ്കോയിലെ 29 ക്ളിനിക്കുകളിലായി 40,000 പേരിലാണ് സ്പുട്നിക് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നത്. ഇതിൽ മൂന്നിലൊന്ന് ശതമാനം ആളുകൾക്ക് സജീവ ഘടകങ്ങൾ അടങ്ങിയ വാക്സിൻ നൽകിയിട്ടില്ല. സ്പുട്നിക് വാക്സിൻ നൽകിയവർക്ക് സജീവ ഘടകം അടങ്ങിയ വാക്സിൻ നൽകാത്തവരെക്കാൾ 92 ശതമാനത്തോളം രോഗത്തെ പ്രതിരോധിക്കാൻ സാധിച്ചുവെന്നാണ് റഷ്യയുടെ അവകാശവാദം.
അതേസമയം തങ്ങൾ നിർമ്മിച്ച കോവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി അമേരിക്കൻ കമ്പനിയായ ഫൈസറും നേരത്തെ രംഗത്തെത്തിയിരുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിലാണ് വാക്സിനെന്നും ഇത് 90 ശതമാനം ഫലപ്രദമാണെന്നുമാണ് ഫൈസർ അറിയിച്ചത്.
Read also: സംസ്ഥാനത്ത് 5 ലക്ഷം കടന്ന് രോഗബാധിതര്, തിരഞ്ഞെടുപ്പ് കാലത്ത് അതിജാഗ്രത വേണം; ആരോഗ്യമന്ത്രി