സംസ്‌ഥാനത്ത് 5 ലക്ഷം കടന്ന് രോഗബാധിതര്‍, തിരഞ്ഞെടുപ്പ് കാലത്ത് അതിജാഗ്രത വേണം; ആരോഗ്യമന്ത്രി

By Team Member, Malabar News
Malabarnews_kk shailaja
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം അഞ്ച് ലക്ഷം പിന്നിടുമ്പോള്‍ ജാഗ്രത പാലിക്കുന്നതില്‍ വിട്ടു വീഴ്‌ച പാടില്ലെന്ന മുന്നറിയിപ്പുമായി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള ഉയര്‍ച്ച തുടരുമ്പോള്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ളവയില്‍ അതിജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നിലവില്‍ ആരില്‍ നിന്ന് വേണമെങ്കിലും രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. സാമൂഹിക അകലം പാലിക്കുകയും, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കൃത്യമായി ഉപയോഗിക്കുകയും ചെയ്‌തുകൊണ്ട് മാത്രമേ തിരഞ്ഞെടുപ്പില്‍ പങ്കുചേരാവൂ എന്നും മന്ത്രി നിര്‍ദേശിച്ചു. ഇത്തരത്തില്‍ ജാഗ്രത പാലിച്ചാല്‍ മാത്രമേ രോഗവ്യാപനം ഇനിയും ഉയരാതെ പിടിച്ചുകെട്ടാന്‍ സാധിക്കൂ എന്നും മന്ത്രി വ്യക്‌തമാക്കി.

Read also : ഇന്നത്തെ തോല്‍വി നാളെ ഗുണമാകും; ചിരാഗ് പാസ്വാന്‍

കഴിഞ്ഞ സെപ്റ്റംബര്‍ 11 ആം തീയതിയാണ് സംസ്‌ഥാനത്ത് ആകെ രോഗികളുടെ എണ്ണം 1 ലക്ഷം കടന്നത്. എന്നാല്‍ വെറും രണ്ട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്ന് 5 ലക്ഷത്തിലേക്ക് എത്തിയിട്ടുണ്ട്. ഈ കണക്കുകള്‍ ആശങ്ക ഉയര്‍ത്തുന്നത് തന്നെയാണ്. എങ്കിലും രോഗമുക്‌തരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ചയാണ് ആശ്വാസം പകരുന്നത്. സംസ്‌ഥാനത്ത് ഇതുവരെ രോഗം സ്‌ഥിരീകരിച്ചവരില്‍ 4,22,410 ആളുകളും രോഗമുക്‌തരായിട്ടുണ്ട്. നിലവില്‍ ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 78,420 ആണ്. രോഗബാധിതരുടെ എണ്ണത്തില്‍ ഉയര്‍ച്ച ഉണ്ടാകുമ്പോഴും മരണനിരക്ക് കുറക്കാന്‍ സാധിക്കുന്നത് വലിയ ആശ്വാസം തന്നെയാണ്. സംസ്‌ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ എണ്ണം 1,771 ആണ്. നിലവില്‍ 0.35 ശതമാനം മാത്രമാണ് മരണനിരക്ക്.

സംസ്‌ഥാനത്ത് ഒരു ഘട്ടത്തില്‍ ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 95000 ന് മുകളില്‍ എത്തിയിരുന്നു. ആ സമയങ്ങളില്‍ പ്രതിദിന രോഗബാധിതര്‍ 30000 കടക്കുമെന്ന് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തുടങ്ങിയതോടെ രോഗികളുടെ എണ്ണത്തില്‍ കുറവ് കൊണ്ട് വരന്‍ സാധിച്ചു. ഇനിയുള്ള ദിവസങ്ങളിലും അതേ ജാഗ്രത അനിവാര്യമാണ്. തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതും, വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും വലിയ രീതിയില്‍ രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത തുറക്കുന്നുണ്ട്. അതിനാല്‍ ആളുകള്‍ കൂടുതല്‍ ജാഗ്രതയോടെ ഈ ദിവസങ്ങളെ നേരിടണമെന്നും മന്ത്രി വ്യക്‌തമാക്കി.

Read also : കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരി ജുഡീഷ്യല്‍ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE