കോട്ടയം : സീറ്റ് വിഭജനം എങ്ങുമെത്താതെ പ്രതിസന്ധിയില്‍ തുടരുകയാണ് പാലാ നഗരസഭയില്‍ ഇടതുമുന്നണി. ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെ പാലാ നഗരസഭയില്‍ കൂടുതല്‍ സീറ്റുകളും തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജോസ് വിഭാഗം. ആകെയുള്ള 26 സീറ്റുകളില്‍ 17 സീറ്റുകളാണ് ജോസ് പക്ഷം ലക്ഷ്യം വെക്കുന്നത്. പാലായില്‍ ശക്‌തികേന്ദ്രമായ ജോസ് പക്ഷം ആവശ്യത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറുമല്ല. ബാക്കി വരുന്ന 9 സീറ്റുകളാണ് സിപിഎമ്മിനും, സിപിഐക്കും, എൻസിപിക്കുമായി വിഭജിക്കേണ്ടത്. ഇതോടെ പാലാ നഗരസഭയില്‍ ഇടത് മുന്നണി ആകെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.
എന്‍സിപിക്ക് പാലായില്‍ എംഎല്‍എ ഉള്ളതിനാല്‍ നഗരസഭയില്‍ സീറ്റ് നിഷേധിക്കാനാകില്ല. ബാക്കിയുള്ള സീറ്റുകളില്‍ ആറെണ്ണത്തില്‍ സിപിഎമ്മും, രണ്ട് സീറ്റുകളില്‍ സിപിഐയും മല്‍സരിക്കുകയെന്നാണ് സിപിഐഎം നേതൃത്വം മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സിപിഐ തയ്യാറല്ല. കുറഞ്ഞത് നാല് സീറ്റുകള്‍ എങ്കിലും വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. കഴിഞ്ഞ തവണ ഏഴ് സീറ്റുകളിലാണ് സിപിഐ മൽസരിച്ചത്. അതിനാല്‍ സിപിഐയും തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ടേക്ക് മാറാന്‍ തയ്യാറല്ല. സീറ്റ് നല്‍കിയില്ലെങ്കില്‍ ഒറ്റക്ക് മൽസരിക്കുമെന്ന നിലപാടും സിപിഐ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
നിലവില്‍ യുഡിഎഫ്, എന്‍ഡിഎ പാര്‍ട്ടികള്‍ സ്‌ഥാനാര്‍ഥി നിര്‍ണയവും കഴിഞ്ഞ് പ്രചാരണവും തുടങ്ങിയ സാഹചര്യത്തില്‍ സീറ്റ് വിഭജനം പോലും എങ്ങുമെത്താതെ തുടരുന്നത് എല്‍ഡിഎഫ് നേതൃത്വത്തെ കുഴപ്പിച്ചിരിക്കുകയാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മറ്റന്നാള്‍ അവസാനിക്കുമെന്നതിനാല്‍ ഉടന്‍ തന്നെ തര്‍ക്കം പരിഹരിച്ചു അന്തിമ തീരുമാനത്തിലെത്തേണ്ടത് അനിവാര്യമാണ്. സീറ്റ് വിഭജനത്തില്‍ ഇന്ന് രാവിലെ നടന്ന ഉഭയകക്ഷി ചര്‍ച്ച എങ്ങുമെത്താതെ പിരിഞ്ഞതോടെ, ഇന്ന് വൈകുന്നേരം പാലായില്‍ ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ച് അന്തിമ തീരുമാനം എടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
Read also : സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയം; തോമസ് ഐസക്






































