തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ (എസ്എഫ്ഐഒ) കുറ്റപത്രം സമർപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഭവം സൂക്ഷ്‌മമായി പരിശോധിക്കേണ്ടതുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ ജൂലായിൽ വാദം കേൾക്കാനിരിക്കെ എസ്എഫ്ഐഒ ഇങ്ങനെ ഒരു നാടകം നടത്തിയതിന് പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്നാണ് ഗോവിന്ദന്റെ ആരോപണം.
മുഖ്യമന്ത്രിയോ സർക്കാരോ സിഎംആർഎൽ- എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട് ഒരു സഹായവും നൽകിയിട്ടില്ലെന്നും ഇതിൽ സർക്കാർ അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അഴിമതി നിരോധന നിയമത്തിന്റെ അടിസ്‌ഥാനത്തിൽ ഈ കേസിൽ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്നതിന് ഒരു തെളിവുമില്ലെന്നാണ് മൂന്ന് വിജിലൻസ് കോടതികളും പറഞ്ഞിട്ടുള്ളത്. പിന്നീട് ഹൈക്കോടതിയും പറഞ്ഞത് മുഖ്യമന്ത്രിക്കെതിരെ തെളിവില്ല എന്നതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ ടി വീണ ഉൾപ്പടെയുള്ളവരെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചത്. വീണയും അവരുടെ ഉടമസ്‌ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും 2.7 കോടി രൂപ കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലുള്ളത്. വീണയെ വിചാരണ ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
എക്‌സാലോജിക്കും സിഎംആർഎലും തമ്മിൽ നടന്ന ഇടപാടിൽ ദുരൂഹതയുണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഇടപാടിന് പിന്നിൽ അഴിമതിയുണ്ടോയെന്നും ഏജൻസി അന്വേഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിക്കാനാണോ മകൾ വീണാ വിജയന് പണം നൽകിയതെന്നതും കേസിന്റെ ഭാഗമായി അന്വേഷിക്കും.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!