തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല സ്ത്രീ പ്രവേശനം ഏറ്റവുമധികം വേദനിപ്പിച്ച സംഭവമാണ്. ഭക്തർക്ക് മുറിവുണ്ടാക്കിയെന്നും ചെന്നിത്തല പറയുന്നു. യുഡിഎഫ് നടത്തുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ റിവ്യൂ ഹരജി വേഗത്തിൽ തീർപ്പു കൽപ്പിക്കാൻ സുപ്രീം കോടതിയോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ തയ്യാറുണ്ടോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം പറയണം. പാർലമെന്റിൽ നിയമ നിർമ്മാണത്തിന് കേന്ദ്രം തയ്യാറാകുമോയെന്നും ചെന്നിത്തല ചോദിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവനും കെ സുരേന്ദ്രനും പറയുന്നത് ഒരേ കാര്യമാണ്. രണ്ട് കൂട്ടരും മുസ്ലിം ലീഗിനേയും അതുവഴി മത ന്യൂനപക്ഷങ്ങളേയും കടന്നാക്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ആവര്‍ത്തനം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുകയാണെന്നും ചെന്നിത്തല പറയുന്നു.
സിപിഎമ്മും ബിജെപിയും ഇപ്പോൾ മിണ്ടാതിരിക്കുന്നത് അവരുടെ കൂട്ടുകെട്ടിന് തടസമുണ്ടാക്കും എന്നതുകൊണ്ടാണ്. ബിജെപിയെ ശക്തിപ്പെടുത്തുക, അതുവഴി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.
മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. വര്‍ഗീയ കാര്‍ഡ് കളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഉമ്മന്‍ ചാണ്ടിയും താനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിക്കുന്നതില്‍ എന്ത് മതമൗലിക വാദമാണുയരുന്നത് എന്നും അദ്ദേഹം ചോദിച്ചു.
“കെപിസിസി പ്രസിഡണ്ടിനെ തീരുമാനിക്കുന്നത് ലീഗാണോ എന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ?. ബിജെപിയുമായി ഉണ്ടായിരിക്കുന്ന രഹസ്യ ധാരണയാണ് മുഖ്യമന്ത്രിയെക്കൊണ്ട് ഇത് പറയിക്കുന്നത്. ഇരുകൂട്ടരും ആഗ്രഹിക്കുന്നത് യുഡിഎഫിന്റെ പരാജയമാണ്,”- ചെന്നിത്തല പറഞ്ഞു.
Also Read: കർഷക പ്രശ്നം; പാർലമെന്റിൽ 15 മണിക്കൂർ ചർച്ച; എംപിമാർക്ക് സസ്പെൻഷൻ








































