ന്യൂഡെൽഹി: പിവി അൻവറിന്റെ ആരോപണങ്ങൾ പൂർണമായി തള്ളിക്കളഞ്ഞു സിപിഎം. പിവി അൻവറുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഎമ്മിനെ ഇല്ലായ്‌മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. അൻവർ വലതുപക്ഷത്തിന്റെ കോടാലിയായി പ്രവർത്തിക്കുകയാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
കേരളത്തിലെ പാർട്ടിയെയും സർക്കാരിനെയും തകർക്കുന്നതിനായി കഴിഞ്ഞ കുറെ കാലമായി വലതുപക്ഷ രാഷ്‌ട്രീയ ശക്‌തികളും അവർക്ക് അനുകൂലമായ വാർത്താ മാദ്ധ്യമങ്ങളും പ്രചാരണം നടത്തിവരികയാണ്. അവരുടെ വക്കാലത്ത് ഏറ്റുപിടിച്ചു പുറപ്പെട്ടിരിക്കുകയാണ് പിവി അൻവറെന്നും ഗോവിന്ദൻ ആരോപിച്ചു. അൻവറിന്റെ നിലപാടിനെതിരായി പാർട്ടിയെ സ്‌നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അൻവറിന്റെ നിലപാടുകളും രാഷ്‌ട്രീയ സമീപനങ്ങളും പരിശോധിച്ചാൽ കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ സംവിധാനത്തെ കുറിച്ച് അയാൾക്ക് കാര്യമായ ധാരണയില്ലെന്ന് വ്യക്‌തമാണ്. അൻവർ കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്നയാളാണ്. കെ കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോഴാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്. ഡിഐസി കോൺഗ്രസിൽ ചേർന്നപ്പോൾ അദ്ദേഹം തിരിച്ചുപോയില്ല.
സാധാരണ പാർട്ടിക്കാരുടെ വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്നാണ് അൻവർ പറഞ്ഞത്. എന്നാൽ പ്രവർത്തനം അങ്ങനെയല്ലെന്ന് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ചരിത്രം തെളിയിക്കുന്നു. കോൺഗ്രസിന് ഒപ്പമായിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു എംഎൽഎ പോലും ആകാനായിട്ടില്ല. വർഗ, ഭൂജന പ്രസ്‌ഥാനത്തിലോ അതിന്റെ ഭാരവാഹിയായോ ഇന്നുവരെ പ്രവർത്തിച്ചിട്ടില്ല. സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി അംഗം എന്ന നിലയിൽ മാത്രമാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.
സിപിഎമ്മിന്റെ രാഷ്‌ട്രീയമായി ബന്ധമുള്ള പ്രധാനപ്പെട്ട വേദികളിലൊന്നും അദ്ദേഹം പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പാർട്ടിയുടെ പ്രവർത്തനത്തെ കുറിച്ചും സംഘടനാ രീതികളെ കുറിച്ചും അദ്ദേഹത്തിന് അറിവില്ല. എല്ലാവരുടെയും പരാതികളും ആവലാതികളും പരിശോധിക്കുക എന്നത് പാർട്ടിയുടെ നയമാണ്. ജനങ്ങളുടെ പരാതികൾ പരിശോധിച്ച് പരിഹരിച്ചു മുന്നോട്ടുപോകുന്ന നയം തന്നെയാണ് സർക്കാരിന്റെയും.
ഭരണതലത്തിൽ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരസ്യമായി മാദ്ധ്യമങ്ങളോട് പറഞ്ഞശേഷമാണ് അൻവർ പാർട്ടിയെ അറിയിച്ചത്. അത് ശരിയല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. പാർട്ടിയെ സംബന്ധിക്കുന്ന കാര്യങ്ങൾ പാർട്ടിയോടും സർക്കാരിനെ ബാധിക്കുന്ന കാര്യങ്ങൾ സർക്കാരിനെയും അറിയിക്കണം. പാർട്ടിയെ ഇല്ലായ്‌മ ചെയ്യാൻ അൻവറല്ല, ആര് ശ്രമിച്ചാലും നടക്കില്ല. ഫോൺ ചോർത്തൽ ഗൗരവമുള്ള വിഷയമാണ്. അതേക്കുറിച്ചു നല്ല രീതിയിൽ അന്വേഷണം നടക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും







































