മലപ്പുറം: മുഖ്യമന്ത്രിയെയും പാർട്ടിയെയും ആരോപണങ്ങളിൽ പെടുത്തിയ പിവി അൻവർ എംഎൽഎക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. സിപിഎം നിലമ്പൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ടൗണിലും വിവിധ സ്‌ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
‘ഗോവിന്ദൻ മാഷൊന്ന് ഞൊടിച്ചാൽ കൈയ്യും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും’, ‘പൊന്നേയെന്ന് വിളിച്ച നാവിൽ പോടായെന്ന് വിളിക്കാനറിയാം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ മുഴങ്ങി. പ്രവർത്തകർ അൻവറിന്റെ കോലം കത്തിച്ചു. 200ലധികം ആളുകൾ നിലമ്പൂരിലെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. മലപ്പുറത്തെ 18 ഏരിയാ കമ്മിറ്റികളും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം, പാർട്ടി സെക്രട്ടറി പറഞ്ഞാൽ പ്രകടനത്തിൽ പങ്കെടുക്കാതിരിക്കാൻ പ്രവർത്തകർക്ക് കഴിയില്ലെന്നും ആ അർഥത്തിലെ പ്രകടനത്തെ കാണുന്നുള്ളൂ എന്നും പിവി അൻവർ പ്രതികരിച്ചു. താൻ പറയുന്നത് ശരിയാണെന്ന് പ്രവർത്തകരുടെ മനസിലുണ്ടെന്നും അൻവർ പറഞ്ഞു. സിപിഎമ്മിനെ ദുർബലപ്പെടുത്താൻ താൻ ശ്രമിച്ചിട്ടില്ലെന്നും അൻവർ ചൂണ്ടിക്കാട്ടി.
പാർട്ടിയെ ദുർബലമാക്കാൻ ശ്രമിക്കുന്നത് പോലീസ് ആണെന്നും സ്വർണക്കടത്തിനെപ്പറ്റിയുള്ള പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്നുമാണ് പറഞ്ഞതെന്നും അൻവർ വിശദീകരിച്ചു. അൻവറുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നെന്ന് വ്യക്‌തമാക്കിക്കൊണ്ട് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ വാർത്താ സമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു അൻവർ. പി ശശിയുൾപ്പടെ ഉള്ളവർക്കെതിരെ പാർട്ടിക്ക് നൽകിയ കത്ത് നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ