കൊച്ചി: തന്നെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ദമ്പതികള്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായെന്ന പ്രചാരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംവിധായിക ഐഷ സുല്‍ത്താന. കൊച്ചി സിറ്റി കമ്മീഷണര്‍ക്ക് ഐഷ പരാതി നല്കി.
ഐഷയുടെ ബയോവെപ്പണ്‍ പരാമര്‍ശത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയ കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികള്‍ക്കുനേരെ സൈബര്‍ ആക്രമണവും വധഭീഷണിയും ഉണ്ടായെന്നായിരുന്നു ആരോപണം. അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ പോലീസ് അന്വേഷണം നടത്തട്ടെയെന്നാണ് ഐഷയുടെ പക്ഷം.
അന്താരാഷ്ട്ര നമ്പറില്‍ നിന്നാണ് ദമ്പതികള്‍ക്ക് ഭീഷണി വന്നിരിക്കുന്നത്. ‘ദ റൈസ് ഓഫ് ഐഎസ്ഐഎസ് ഇന്‍ ഇന്ത്യാ ആന്റ് ബിഗ് സീക്രെട്ട് ഓഫ് ദ ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് ദമ്പതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെ കൂടിയാണ് ഇവര്‍ക്കെതിരെ ഭീഷണി ഉയര്‍ന്നിരിക്കുന്നതെന്നും ഐഷയുടെ പരാതിയില്‍ പറയുന്നു.
അതേസമയം തന്നെ പൊതുജനശ്രദ്ധ നേടാനാണ് ഇത്തരമൊരു ആരോപണം ദമ്പതികള്‍ ഉയര്‍ത്തിയതെന്നും ഐഷ സംശയിക്കുന്നു. അതല്ലെങ്കില്‍ ബിജെപിയുടെ ഗൂഢാലോചനയുടെ ഫലമായിരിക്കാം ഇതെന്നും ഐഷ സുല്‍ത്താന പരാതിയില്‍ പറയുന്നുണ്ട്. റിപ്പബ്ളിക് വേള്‍ഡ് ചാനലിലൂടെയാണ് ദമ്പതികള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പരാതിയിൽ ഐഷയുടെ മൊഴി ഇന്‍ഫോ പാര്‍ക്ക് പോലീസ് ഇന്ന് രേഖപ്പെടുത്തും.
Most Read: പ്രധാന പാതയോരങ്ങളിൽ മദ്യ ശാലകൾ ഒഴിവാക്കണം; നിർദ്ദേശവുമായി ഹൈക്കോടതി








































