ന്യൂഡെൽഹി: ഗോമൂത്രത്തിൽ മാരക ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇത് മനുഷ്യൻ നേരിട്ട് ഉപയോഗിക്കുന്നത് അപകടകരമാണെന്നും പഠനം. ഇ കോളി സാന്നിധ്യമുള്ള 14 തരം ബാക്ടീരിയകളാണ് പശുവിന്റെ മൂത്രത്തിൽ അടങ്ങിയിട്ടുള്ളത്. ഗോമൂത്രം മനുഷ്യൻ നേരിട്ട് കുടിച്ചാൽ ഉദരസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉത്തർപ്രദേശിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐവിആർഐ) നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഐവിആർഐ ഗവേഷകനായ ഭോജ് രാജ് സിങ്ങും ഒരുകൂട്ടം പിഎച്ച്ഡി വിദ്യാർഥികളും ചേർന്നാണ് പരീക്ഷണം നടത്തിയത്. 2022 ജൂൺ മുതൽ നവംബർ വരെ പ്രാദേശിക ഡയറി ഫാമുകളിലെ മൂന്നിനം പശുക്കളിൽ നിന്ന് ശേഖരിച്ച മൂത്രത്തിന്റെ സാമ്പിളുകളാണ് പഠനത്തിന് വിധേയമാക്കിയത്.
സഹിവാൾ, തർപാർക്കർ, വിന്ദവാനി എന്നീ ഇനങ്ങളിലെ പശുക്കളുടെ മൂത്രമാണ് പരിശോധിച്ചത്. ഇ കോളി സാന്നിധ്യമുള്ള 14 തരം ബാക്ടീരിയകളാണ് പശുവിന്റെ മൂത്രത്തിൽ അടങ്ങിയിട്ടുള്ളതെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. ഇത് ഉദരസംബന്ധമായ അസുഖങ്ങൾക്ക് കാണാമാകുന്ന ബാക്ടീരിയകൾ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗോമൂത്രം പരിശുദ്ധമാണെന്ന വിശ്വാസം അംഗീകരിക്കാനാവില്ല. ഏതൊരു സാഹചര്യത്തിലും ഗോമൂത്രം മനുഷ്യ ഉപഭോഗത്തിന് ശുപാർശ ചെയ്യാനാകില്ലെന്നും പഠന സംഘം വ്യക്തമാക്കുന്നു. അതേസമയം, ശുദ്ധീകരിച്ച ഗോമൂത്രത്തിൽ ബാക്ടീരിയ ഇല്ലെന്ന് ചിലർ വാദം ഉന്നയിക്കുന്നുണ്ട്. ഇതിൽ കൂടുതൽ പഠനം നടത്തുമെന്നും ഭോജ് രാജ് സിങ് പറഞ്ഞു.
അതേസമയം, പഠനത്തെ തള്ളി റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ മേധാവി ആർഎസ് ചൗഹാൻ രംഗത്തെത്തി. ശുദ്ധീകരിച്ച ഗോമൂത്രമാണ് മനുഷ്യന് കുടിക്കാൻ യോഗ്യമെന്ന് ചൗഹാൻ പറഞ്ഞു. കഴിഞ്ഞ 25 വർഷമായി ഗോമൂത്രം സംബന്ധിച്ച് പഠനം നടത്തുന്നുണ്ട്. ശുദ്ധീകരിച്ച ഗോമൂത്രം കാൻസറിനെയും കോവിഡിനെയും പ്രതിരോധിക്കുമെന്നാണ് കണ്ടെത്തിയത്. ഇപ്പോൾ പുറത്തുവന്ന പഠനത്തിന് വിധേയമാക്കിയത് ശുദ്ധീകരിച്ച ഗോമൂത്രം അല്ലെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.
Most Read: ആർഎസ്എസ് റൂട്ട് മാർച്ച്; തമിഴ്നാട് സർക്കാരിന്റെ ഹരജി സുപ്രീംകോടതി തള്ളി