കുട്ടി കർഷകൻ മാത്യുവിനും കുടുംബത്തിനും സഹായത്തിന്റെ ഒഴുക്ക്

തൊടുപുഴ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു എന്ന പത്താം ക്‌ളാസുകാരൻ വളർത്തിയ പശുവും കിടാവും മൂരിയും ഉൾപ്പടെ 13 കന്നുകാലികളാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ മൂലം ചത്തത്. നാലംഗ കുടുംബത്തിന്റെ ഏക ഉപജീവന മാർഗമായിരുന്നു ഈ കന്നുകാലികൾ.

By Trainee Reporter, Malabar News
Mathew Benny
Ajwa Travels

തൊടുപുഴ: അരുമയായ 13 കന്നുകാലികൾ കൺമുന്നിൽ ചത്ത് വീണതിന്റെ സങ്കടക്കടലിൽ നിൽക്കുന്ന ഇടുക്കി വെള്ളിയാമറ്റം സ്വദേശി മാത്യു എന്ന 15 വയസുകാരനും കുടുംബത്തിനും നിലയ്‌ക്കാത്ത സഹായ ഹസ്‌തങ്ങൾ. മാത്യുവിനും കുടുംബത്തിനും പത്ത് പശുക്കളെ വാങ്ങാനുള്ള തുക ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കൈമാറി. സംഭവം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞതിന് പിന്നാലെയാണ് എംഎ യൂസഫലിയുടെ ഇടപെടൽ.

പത്ത് പശുക്കളെ വാങ്ങാനുള്ള തുകയായ അഞ്ചുലക്ഷം രൂപ മാത്യുവിന്റെ കുടുംബത്തിന് അടിയന്തിരമായി കൈമാറാൻ യൂസഫലി നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് പ്രതിനിധികൾ മാത്യുവിന്റെ വീട്ടിലെത്തി തുക കൈമാറുകയായിരുന്നു. നടൻ മമ്മൂട്ടി ഒരുലക്ഷം രൂപയും പൃഥ്‌വിരാജ് രണ്ടു ലക്ഷം രൂപയും മാത്യുവിന് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പിജെ ജോസഫ് എംഎൽഎ ഒരു പശുവിനെ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, നടൻ ജയറാമും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ അബ്രഹാം ഓസ്‌ലറിന്റെ അണിയറ പ്രവർത്തകരും സഹായവുമായി മാത്യുവിന്റെ വീട്ടിലെത്തി. മറ്റന്നാൾ നടത്താനിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിങ് പരിപാടി വേണ്ടെന്നുവെച്ചു അതിനായി മാറ്റിവെച്ച അഞ്ചുലക്ഷം രൂപ ജയറാം മാത്യുവിന്റെ കുടുംബത്തിന് കൈമാറി. കർഷക സംഘവും ഒരു പശുവിനെ നൽകുന്നുണ്ട്. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ 50,000 രൂപ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്‌റ്റിനും ഇന്ന് രാവിലെ മാത്യു ബെന്നിയുടെ വീട്ടിലെത്തിയിരുന്നു. മാത്യുവിന് ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നൽകുമെന്നും മന്ത്രി പറഞ്ഞു. മിൽമ അടിയന്തിര സഹായമായി 45,000 രൂപ കുടുംബത്തിന് കൈമാറി. നാളത്തെ മന്ത്രിസഭാ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും, കൂടുതൽ സഹായം മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്.

തൊടുപുഴ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു എന്ന പത്താം ക്‌ളാസുകാരൻ വളർത്തിയ പശുവും കിടാവും മൂരിയും ഉൾപ്പടെ 13 കന്നുകാലികളാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും ചേട്ടൻ ജോർജും അനുജത്തി റോസ്‌മേരിയും ഉൾപ്പെട്ട നാലംഗ കുടുംബത്തിന്റെ ഏക ഉപജീവന മാർഗമായിരുന്നു ഈ കന്നുകാലികൾ.

മൂന്ന് വർഷം മുൻപ് പിതാവ് ബെന്നിയുടെ മരണശേഷമാണ് മാത്യു കന്നുകാലികളുടെ പരിപാലനം ഏറ്റെടുത്തത്. തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ (കപ്പയുടെ തൊലി) സയനൈഡ് വിഷമാണ് കന്നുകാലികളുടെ മരണകാരണമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ജെസി സി കാപ്പന്റെ നേതൃത്വത്തിൽ നടത്തിയ പോസ്‌റ്റുമോർട്ടം പരിശോധനയിൽ സ്‌ഥിരീകരിച്ചിരുന്നു.

13ആം വയസിലാണ് മാത്യു ക്ഷീര മേഖലയിലേക്ക് കടന്നത്. പഠനത്തോടൊപ്പമാണ് മാത്യു പശുവിനെ വളർത്തി കുടുംബത്തിന് താങ്ങായിരുന്നത്. മികച്ച കുട്ടി ക്ഷീരകർഷകനുള്ള അവാർഡും മാത്യുവിനെ തേടിയെത്തിയിരുന്നു. പശുക്കളുടെ രോഗം കണ്ടുപിടിക്കാനും മാത്യുവിന് പ്രത്യേക കഴിവാണ്. അറക്കുളം സെന്റ് മേരീസ് എച്ച്‌എസ്എസ്എസിൽ പഠിക്കുന്ന മാത്യുവിന്റെ സ്വപ്‌നം ഒരു വെറ്ററിനറി ഡോക്‌ടർ ആകണമെന്നാണ്.

Most Read| കവച് പദ്ധതി എത്രത്തോളം ഫലപ്രദമായി? കേന്ദ്രത്തോട് റിപ്പോർട് തേടി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE