തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിനെ ഇടിച്ചിട്ട ലോറി ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുന്നു. അപകടം നടക്കുമ്പോൾ ലോറി ഉടമയായ മോഹനൻ എന്നയാളും ഒപ്പം ഉണ്ടായിരുന്നു എന്നാണ് ഇന്ന് പിടിയിലായ ലോറി ഡ്രൈവർ പേരൂർക്കട സ്വദേശി ജോയി പോലീസിനോട് പറഞ്ഞത്. എംസാൻഡുമായി വെള്ളായണി ഭാഗത്തേക്ക് പോകുന്നതിനിടെ ആണ് അപകടം ഉണ്ടായതെന്നാണ് ലോറി ഡ്രൈവർ പോലീസിന് നൽകിയ മൊഴി.
ഭയം കാരണമാണ് നിർത്താതെ പോയത്. അപകടത്തിന് ശേഷം വെള്ളായണിയിലെത്തി ലോഡ് ഇറക്കിയെന്നും അവിടെ നിന്ന് തൃക്കണ്ണാപുരം വഴി പേരൂർക്കടയിലെത്തിയെന്നും ഡ്രൈവർ പോലീസിനോട് പറഞ്ഞു. ഇതിനുശേഷം ലോറി ഈഞ്ചക്കലിലേക്ക് മാറ്റുകയായിരുന്നു.
ചൊവ്വാഴ്‌ച ഉച്ചയോടെ തിരുവനന്തപുരം ഈഞ്ചക്കലിൽ നിന്നാണ് എസ്‌വി പ്രദീപിനെ ഇടിച്ചിട്ട കെഎൽ 01 സികെ 6949 നമ്പറിലുള്ള ലോറി പോലീസ് പിടിച്ചെടുത്തത്. ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മീഷണര്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറെ കസ്‌റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോറി തിരിച്ചറിഞ്ഞതും ഡ്രൈവറെയും ലോറിയും കസ്‌റ്റഡിയിൽ എടുത്തതും. ലോറി ഉടമ മോഹനനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്‌ച ഉച്ചക്ക് ശേഷം മൂന്നരക്കായിരുന്നു അപകടം. തിരുവനന്തപുരം കാരക്കാ മണ്ഡപത്തിൽ വച്ചാണ് വാഹനാപകടം ഉണ്ടായത്. സിഗ്‌നലിന് സമീപത്ത് വച്ച് പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ ലോറി ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National News: കോവിഡ് ചികിൽസ; ആയുഷ്, ഹോമിയോ ഡോക്‌ടർമാർക്ക് അനുമതിയില്ലെന്ന് സുപ്രീം കോടതി








































