തിരുവനന്തപുരം: തനിക്ക് വധഭീഷണിയുണ്ടെന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിൽ ജയിൽ വകുപ്പ് പറയുന്നത് തെറ്റാണെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ. സ്വപ്‌ന പറഞ്ഞ കാര്യങ്ങൾ മാത്രമാണ് എഴുതി നൽകിയതെന്നും കോടതിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് ഇവയെന്നും സ്വപ്‌നയുടെ അഭിഭാഷകൻ സൂരജ് ഇലഞ്ഞിക്കല്‍ പറഞ്ഞു. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നാണ് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്.
തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ വച്ച് പോലീസ് ഉദ്യോഗസ്‌ഥരെന്ന് തോന്നുന്ന ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‍ന കോടതിയെ അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നും, തന്നെയും കുടുംബത്തെയും നശിപ്പിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വപ്‍ന കോടതിയിൽ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ എല്ലാം വാസ്‌തവ വിരുദ്ധമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്. ജയിലിലെ സിസിടിവി ദൃശ്യങ്ങളുടെയും, രേഖകളുടെയും അടിസ്‌ഥാനത്തിൽ ജയില്‍ ഡിഐജി അജയകുമാര്‍ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ ഒക്‌ടോബർ 14ആം തീയതി ജയിലില്‍ കൊണ്ടുവന്നത് മുതല്‍ നവംബര്‍ 25 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. ഇവയില്‍ ഒന്നും തന്നെ അനാവശ്യമായി ആരും സ്വപ്‍നയെ സന്ദര്‍ശിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കസ്‌റ്റംസ്, ഇഡി, വിജിലന്‍സ് ഉദ്യോഗസ്‌ഥരും സ്വപ്‍നയുടെ അമ്മയും ഭര്‍ത്താവും ഉള്‍പ്പടെ 5 ബന്ധുക്കളും മാത്രമാണ് സ്വപ്‍നയെ സന്ദര്‍ശിച്ചത്. കൂടാതെ അനാവശ്യമായി ജയില്‍ ഉദ്യോഗസ്‌ഥർ സ്വപ്‍നയെ സന്ദര്‍ശിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നുണ്ട്. ഇന്ന് ജയില്‍ മേധാവിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
National News: കർഷകർക്ക് വേണ്ടത് പഞ്ചാബികളുടെ വരുമാനം, മോദി ആഗ്രഹിക്കുന്നത് ബിഹാറികളുടെയും; രാഹുൽ ഗാന്ധി