ന്യൂഡെൽഹി : സിബിഎസ്ഇ 12ആം ക്ളാസിന്റെ പൊതുപരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നാളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ നേതൃത്വത്തിൽ യോഗം ചേരും. പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് നാളെ യോഗം ചേരുന്നത്. യോഗത്തിൽ പരീക്ഷ റദ്ദാക്കാൻ കേന്ദ്രസർക്കാർ ശുപാർശ ചെയ്തേക്കും. പരീക്ഷ സംബന്ധിച്ച് സിബിഎസ്ഇയുടെ ഭാഗത്തുനിന്ന് അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അടിയന്തിരമായി ഇടപെടാൻ തീരുമാനിച്ചത്.
രാജ്യത്ത് നിലവിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിന് പിന്നാലെ മൂന്നാം തരംഗ ഭീഷണിയും ഉയരുന്നുണ്ട്. കൂടാതെ കുട്ടികളിൽ വാക്സിനേഷൻ നടത്തുന്നതിനുള്ള നടപടികൾ ഇനിയും വൈകുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കാനുള്ള നീക്കത്തിലേക്ക് സർക്കാർ എത്തുന്നത്. കൂടാതെ നിലവിലത്തെ സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹരജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡിന്റെ ഒന്നാം തരംഗത്തേക്കാൾ നാലിരട്ടി മോശമാണ് രണ്ടാം തരംഗം ഉയർത്തുന്ന വെല്ലുവിളികൾ. ഈ സാഹചര്യത്തിൽ സ്കൂളുകൾ കൂടുതൽ നാൾ അടച്ചിടാനുള്ള തീരുമാനവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. രാജ്യത്ത് കോവിഡ് സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ ഏപ്രില്‍ 14 നാണ് സിബിഎസ്ഇ 10ആം ക്ളാസ് പരീക്ഷ റദ്ദ് ചെയ്തും 12ആം ക്ളാസ് പരീക്ഷ മാറ്റിവച്ചും ഉത്തരവിറക്കിയത്. റദ്ദാക്കിയ 10ആം ക്ളാസ് പരീക്ഷക്ക് പകരം മറ്റ് അവലോകന നടപടിയിലൂടെ ജൂണ്‍ 20ന് ഫലം പ്രസിദ്ധീകരിക്കും. ഇതേ മാതൃകയില്‍ 12ആം ക്ളാസ് പരീക്ഷയും കൈകാര്യം ചെയ്യാനാണ് ആലോചന.
Read also : അയവില്ലാതെ ഏഴാം ദിനം; താമസ കെട്ടിടങ്ങൾ തകർത്ത് ഇസ്രയേൽ; ഗാസയിൽ മരണം 150 ആയി







































