തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ഇതിനായി വിദ്യാവാഹൻ പദ്ധതി പ്രഖ്യാപിച്ചു. ഒരാഴ്‌ചത്തേക്ക് മോട്ടോർ വാഹന വകുപ്പ് കർശന പരിശോധന നടത്തും. കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര, സ്വകാര്യ ബസുകളിൽ വിദ്യാർഥികളെ കയറ്റാതിരിക്കുക, മദ്യപിച്ച് സ്‌കൂൾ വാഹനമോടിക്കുക തുടങ്ങിയ കാര്യങ്ങൾ സംസ്‌ഥാന വ്യാപകമായി പരിശോധിക്കുമെന്നാണ് അറിയിപ്പ്.
പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മാർഗനിർദ്ദേശങ്ങളും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.
വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും ‘എഡ്യൂക്കേഷൻ ഇൻസ്‌റ്റിറ്റ്യൂഷൻ വാഹനം’ എന്ന് വ്യക്‌തമായി പ്രദർശിപ്പിക്കണം. സ്‌കൂൾ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളില്‍ ”ഓണ്‍ സ്‌കൂൾ ഡ്യൂട്ടി” എന്ന ബോർഡ് വെയ്‌ക്കണം. സ്‌കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോ മീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോ മീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്.
Most Read: നല്ലതണ്ണിയിൽ യുവതി ജീവനൊടുക്കിയ സംഭവം; പോലീസ് ഓഫിസറെ പിരിച്ചുവിട്ടു