കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യും. ഇതിനായി നോട്ടീസ് തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. നിയമസഭാ സമ്മേളനം അവസാനിച്ചതിനാൽ എത്രയും വേഗം ചോദ്യം ചെയ്യാനാണ് തീരുമാനം.
മൂന്നുതലങ്ങളിൽ ഇതിനായി നിയമോപദേശം തേടുന്നുണ്ട്. നേരത്തെ സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി ഹാജരാകുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറിയേറ്റും കസ്റ്റംസും തമ്മിൽ നടന്ന തർക്കം വിവാദമായിരുന്നു. അതിനാൽ അതീവ ശ്രദ്ധയോടെയാണ് നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്നത്.
യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് കേരളത്തിൽനിന്ന് വിദേശത്തേക്ക് വൻതോതിൽ ഡോളർ കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ പ്രതികളായ സ്വപ്ന സുരേഷ്, പിഎസ് സരിത്ത് എന്നിവർ സ്പീക്കർക്ക് എതിരെ മൊഴിനൽകിയിട്ടുണ്ട്.
കസ്റ്റംസ് ചട്ടങ്ങൾ പ്രകാരം സ്പീക്കറെ ചോദ്യം ചെയ്യുന്നതിൽ നിയമ തടസങ്ങളൊന്നുമില്ലെന്ന് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ അറിയിച്ചിരുന്നു. അന്വേഷണത്തെ തടസപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു.
Read Also: ഷെഫീഖിന്റെ മരണം; ജയിലിലെ ഹാര്‍ഡ് ഡിസ്ക്ക് പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്








































