റിയാദ്: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആദ്യ നയതന്ത്ര യാത്ര ഇന്ന് സൗദിയിൽ ആരംഭിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾക്കായി റോമിൽ പോയതൊഴിച്ചാൽ, പ്രസിഡണ്ടായി ചുമതലയേറ്റ ശേഷം ട്രംപിന്റെ ആദ്യ നയതന്ത്ര വിദേശ പര്യടനമാണിത്. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ട്രംപ് ഇന്ന് സൗദിയിലെത്തിയത്.
സൗദി, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. നാളെ സൗദിയിൽ നടക്കുന്ന ഗൾഫ്-അമേരിക്ക ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കും. ഗാസയിൽ ഇസ്രയേൽ അധിനിവേശം രൂക്ഷമായി തുടരുന്നതിനിടെയാണ് ട്രംപിന്റെ സന്ദർശനം. എണ്ണയും വ്യാപാരവും, നിക്ഷേപ ഇടപാടുകൾ, ഇസ്രയേൽ-ഗാസ ആക്രമണം, യമൻ സംഘർഷം, ഇറാൻ ആണവ പദ്ധതി എന്നിവയുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.
അതേസമയം, ഗൾഫ് രാജ്യങ്ങളിൽ ചൈന സ്വാധീനം വർധിപ്പിക്കുന്നത് അമേരിക്ക ഉത്‌കണ്‌ഠയോടെയാണ് കാണുന്നത്. ഗൾഫ് രാജ്യങ്ങളിൽ യുഎസിനുള്ള സ്വാധീനം ചൈന കുറയ്‌ക്കുമോ എന്ന ആശങ്കയും ട്രംപ് ഭരണകൂടത്തിനുണ്ട്. അത്തരം സാധ്യതകൾ തടയാനും ട്രംപ് താൽപ്പര്യപ്പെടുന്നു.
ശാസ്‌ത്ര-സാങ്കേതിക മേഖലയിലും നിർമാണ രംഗത്തും മാത്രമല്ല, അനുരഞ്‌ജന ചർച്ചകളിൽ പോലും ചൈന മുൻകൈയെടുക്കുന്നത് യുഎസിനെ അലോസരപ്പെടുത്തുന്ന വിഷയങ്ങളാണ്. ബൈഡൺ ഭരണകാലത്ത് ഗൾഫ് രാജ്യങ്ങൾക്ക് മേൽ നഷ്‌ടമായ സ്വാധീനം തിരികെ കൊണ്ടുവരികയാണ് സന്ദർശനത്തിന്റെ ആത്യന്തിക ലക്ഷ്യം.
അതേസമയം, ട്രംപിന് ഖത്തർ ഭരിക്കുന്ന രാജകുടുംബത്തിന്റെ പാരിതോഷികമായി ആഡംബര വിമാനം വാഗ്‌ദാനം ചെയ്‌തു. വാഗ്‌ദാനം സ്വീകരിക്കുന്നത് പരിഗണനയിലാണെന്ന് വൈറ്റ് ഹൗസ് സ്‌ഥിരീകരിച്ചു. യുഎസ് പ്രതിരോധ വകുപ്പിന് ഖത്തർ സമ്മാനിക്കാനൊരുങ്ങുന്ന ബോയിങ് 747-8 വിമാനം പ്രസിഡണ്ടിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്‌സ് വൺ ആയി ഉപയോഗിക്കാനാണ് ആലോചിക്കുന്നത്.
ഇതിന്റെ നിയമവശങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്‌താവ് കാരലിൻ ലെവിറ്റ് അറിയിച്ചു. പുതിയ ബോയിങ് 747-8 വിമാനത്തിന് ഏകദേശം 40 ഡോളറാണ് (3396 കോടി) വില. ഖത്തർ വിമാനം അമേരിക്ക സ്വീകരിച്ചാൽ, യുഎസ് സർക്കാറിന് ലഭിച്ചിട്ടുള്ള ഏറ്റവും വിലകൂടിയ പാരിതോഷികങ്ങളിൽ ഒന്നായി മാറും.
ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്‌ഥത വഹിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ഖത്തറുമായി യുഎസിന് വളരെ അടുത്ത ബന്ധമുണ്ട്. പുതിയൊരു എയർ ഫോഴ്‌സ് വൺ വാങ്ങുന്നതിനേക്കാൾ നല്ലത് ഖത്തറിന്റെ സമ്മാനം സ്വീകരിക്കുന്നതാണെന്നാണ് ട്രംപിന്റെ നിലപാട്. ഈ വിമാനം പ്രസിഡണ്ട് പദവി ഒഴിഞ്ഞതിന് ശേഷം താൻ ഉപയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ