റിയാദ്: സൗദി അറേബ്യയുടെ ദേശീയ എണ്ണകമ്പനിയായ അരാംകോയുടെ റാസ് താനൂറ റിഫൈൻറിക്ക് ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കേടുപാട്. റിഫൈനറി കോംപ്ളക്സ് ഇതോടെ അടച്ചു. മധ്യേഷ്യയിലെ ഏറ്റവും വലിയ റിഫൈനറികളിൽ ഒന്നാണിത്. പ്രതിദിനം 5.50 ലക്ഷം ബാരലാണ് സംസ്കരണ ശേഷി.
അബുദാബി, ദുബായ്, ദോഹ, മനാമ തുടങ്ങി ജിസിസി രാഷ്ട്രങ്ങളിലെ സുപ്രധാന കേന്ദ്രങ്ങളെയെല്ലാം ഉന്നമിട്ട് ഇറാൻ ആക്രമണം നടത്തുകയാണ്. ഈ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കത്തിക്കയറിയിട്ടുണ്ട്. നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കിലാണ് ഇപ്പോഴുള്ളത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്.
ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും നിലവിലെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് കപ്പലുകൾ ചരക്കുനീക്കം നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം, കുവൈത്ത് വ്യോമാതിർത്തിയിൽ വെച്ച് അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നുവീണു. എംഐഎം-104 പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള മിസൈൽ ഏറ്റാണ് വിമാനം തകർന്നതെന്നാണ് സൂചന.
അതിനിടെ ഇനി യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാന്റെ സെക്യൂരിറ്റി മേധാവി അലി ലരിജാനി വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രത്യാക്രമണമെന്നോണമാണ് ഇറാൻ പോര് കടുപ്പിക്കുന്നത്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല






































