ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണത്തിൽ എൻസിബി സോണൽ മേധാവി സമീർ വാങ്കഡെയുടെ കുരുക്ക് മുറുകുന്നു. ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവായ ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്നാണ് ആരോപണം. വാങ്കഡെക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. സൂപ്പര്‍ ഹീറോ പരിവേഷമുണ്ടായിരുന്ന, ഇക്കാലമത്രയും സത്യസന്ധനെന്ന് പേരെടുത്ത നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ നിലവിൽ സംശയത്തിന്റെ നിഴലിലാണ്.
2008ലെ ഐആർഎസ് ബാച്ചിലെ ഉദ്യോഗസ്‌ഥനായിരുന്ന സമീർ വാങ്കഡെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ ഡെപ്യൂട്ടി കമ്മീഷണറായും കസ്‌റ്റംസ് ഡപ്യൂട്ടി കമ്മീഷണറായും എന്‍ഐഎയില്‍ അഡിഷണല്‍ എസ്‌പിയായും ഡിആര്‍ഐ ജോയിന്റ് ഡയറക്‌ടറായും പ്രവർത്തിച്ചിട്ടുണ്ട്. ശേഷമാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയിലെത്തിയത്. ഈ വര്‍ഷം മികച്ച സേവനത്തിനുള്ള ആഭ്യന്തരമന്ത്രിയുടെ മെഡല്‍ ലഭിച്ചു. വിവിധ ലഹരി മരുന്ന് കേസിലും നികുതി വെട്ടിപ്പിലുമായി സെലിബ്രിറ്റികളും പ്രമുഖരും ഉൾപ്പെടെ നിരവധി പേർക്കെതിരെ സമീർ കേസെടുത്തിട്ടുണ്ട്. രണ്ട് വർഷത്തിനിടെ 17000 കോടി രൂപയുടെ മയക്കുമരുന്നാണ് സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡുകളിൽ എൻസിബി പിടികൂടിയത്.
നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ് പുറത്ത് കൊണ്ടുവന്നതും സമീർ വാങ്കഡെയാണ്. ബോളിവുഡ് സിനിമാ മേഖലയിലെ നിരവധി താരങ്ങളാണ് ഈ കേസിലെ പ്രതിപട്ടികയിൽ സ്‌ഥാനം പിടിച്ചത്. നടി റിയാ ചക്രവർത്തി ഉൾപ്പെടെയുള്ളവരുടെ അറസ്‌റ്റിലേക്കു നയിച്ച ഈ കേസിൽ ഒട്ടേറെ പ്രമുഖരെ ഇദ്ദേഹം ചോദ്യം ചെയ്‌തിരുന്നു. ഇതുപോലെ നിരവധി കേസുകൾ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ പുറത്തു വന്നിട്ടുണ്ട്.
മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കസ്‌റ്റംസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സമയത്തും നികുതി വെട്ടിപ്പ് കേസിൽ സെലിബ്രിറ്റികളടക്കം നിരവധി പേരെ സമീർ പിടികൂടിയിട്ടുണ്ട്. 2011ലെ ക്രിക്കറ്റ് ലോകകപ്പിലെ സ്വർണക്കപ്പ് നികുതി അടക്കാത്തതിനാൽ തടഞ്ഞുവെക്കുകയും ചെയ്‌തിരുന്നു. മുംബൈ വിമാന താവളത്തിൽ വെച്ച് കസ്‌റ്റംസ് ഡ്യൂട്ടി അടച്ചതിന് ശേഷമാണ് കപ്പ് വിട്ടുനൽകിയത്. ആരുടേയും മുഖം നോക്കാതെ നടപടി എടുക്കുന്ന, തെറ്റുകൾക്കെതിരെ കണ്ണടയ്‌ക്കാത്ത പോലീസ് ഉദ്യോഗസ്‌ഥനെന്നാണ് വാങ്കഡെ അറിയപ്പെട്ടത്.

എന്നാൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പിടിയിലായ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സമീർ വാങ്കഡെയ്‌ക്കെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ലഹരിക്കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിലാണ് വാങ്കഡെക്കെതിരെ അന്വേഷണം നടത്തുന്നത്. എന്‍സിബി ഡെപ്യൂട്ടി ഡയറക്‌ടറും എന്‍സിബി ചീഫ് വിജിലന്‍സ് ഓഫീസറുമായ ജനറല്‍ ഗ്യാനേശ്വര്‍ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കേസിലെ സാക്ഷികളിലൊരാള്‍ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ എന്‍സിബി അന്വേഷണം പ്രഖ്യാപിച്ചത്. കേസില്‍ പ്രതിയായ ആര്യന്‍ ഖാനെ വിട്ടയക്കാനായി സാക്ഷി കെപി ഗോസാവിയും എന്‍സിബി ഉദ്യോഗസ്‌ഥനായ സമീര്‍ വാങ്കഡെയും പണം കൈപ്പറ്റിയെന്നായിരുന്നു പ്രഭാകര്‍ സെയിലിന്റെ ആരോപണം. സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെക്ക് നല്‍കിയെന്നും പ്രഭാകര്‍ സെയിൽ മൊഴി നൽകി.

പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട് മുംബൈയിലെ എന്‍സിബി ഉദ്യോഗസ്‌ഥര്‍ ഡയറക്‌ടര്‍ ജനറലിന് കൈമാറിയിരുന്നു. തുടർന്നാണ് നടപടി. വാങ്കഡെയ്‌ക്കെതിരായ പണംതട്ടല്‍, അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അഡീഷണല്‍ കമ്മീഷണര്‍ ദിലീപ് സാവന്തിന്റെയും ഡെപ്യൂട്ടി കമ്മീഷണര്‍ ഹേംരാജ് സിംഗിന്റെയും മേല്‍നോട്ടത്തിൽ നാലംഗ സംഘത്തെ മുംബൈ പോലീസും നിയോഗിച്ചിട്ടുണ്ട്.
തുടർന്ന് പോലീസിന്റെ അറസ്‌റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടി സമീര്‍ വാങ്കഡെ മഹാരാഷ്‌ട്ര ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെയുള്ള പണംതട്ടല്‍ കേസും അഴിമതി അന്വേഷണവും സിബിഐക്കോ അല്ലെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിക്കോ കൈമാറണമെന്നും വാങ്കഡെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുംബൈ പോലീസിന്റെ ഭാഗത്തുനിന്ന് അറസ്‌റ്റ് ചെയ്യാനുള്ള നീക്കം ഉണ്ടാവുകയാണെങ്കില്‍ അറസ്‌റ്റിന് മൂന്ന് ദിവസം മുന്‍പ് വാങ്കഡെക്ക് നോട്ടീസ് നല്‍കുമെന്ന് പബ്ളിക്ക് പ്രോസിക്യൂട്ടര്‍ ഉറപ്പ് പറഞ്ഞിട്ടുണ്ടെന്ന് കോടതി വാങ്കഡെക്ക് മറുപടി നൽകി. അന്വേഷണ ഏജൻസിയെ മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
അതേസമയം, സമീര്‍ വാങ്കഡെയ്‌ക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് എന്‍സിപി നേതാവ് നവാബ് മാലിക് കത്ത് പുറത്തുവിട്ടിരുന്നു. ഒരു എന്‍സിബി ഉദ്യോഗസ്‌ഥന്റേതാണ് കത്തെന്നും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും മാലിക് പറഞ്ഞു. ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് കത്തില്‍ പറയുന്നതായി നവാബ് മാലിക് ആരോപിക്കുന്നു.

ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാം പാല്‍ എന്നിവരെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റി എന്നാണ് ആരോപണം. അഭിഭാഷകനായ അയാസ് ഖാന്‍ വഴിയാണ് പണം കൈപ്പറ്റിയതെന്നും പറയുന്നു. കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയാണ് വാങ്കഡെ തട്ടിപ്പ് നടത്തിയതെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ലഹരി മരുന്ന് ഇടപാടുകാരുമായി വാങ്കഡെക്ക് ബന്ധമുണ്ടെന്നും 26 കേസുകളുടെ വിവരങ്ങളും കത്തിലുണ്ടെന്നാണ് റിപ്പോര്‍ട്. കത്ത് എന്‍സിബി തലവന് കൈമാറുമെന്നാണ് വിവരം.
കൂടാതെ ആഡംബര കപ്പലില്‍ പാര്‍ട്ടി സംഘടിപ്പിച്ചവരില്‍ ഒരാളായ കാഷീഫ് ഖാനെ വാങ്കഡെ അറസ്‌റ്റ് ചെയ്‌തില്ലെന്നും വാങ്കഡെയുടെ സുഹൃത്താണ് കാഷീഫ് ഖാനെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു. എന്നാല്‍ നവാബ് മാലിക്ക് പറഞ്ഞത് പച്ചക്കള്ളമാണെന്നാണ് വാങ്കഡെ പറയുന്നത്. ബോളിവുഡിനെ മുംബൈയിൽനിന്ന് കടത്താനുള്ള ബിജെപിയുടെ ഗൂഡാലോചനയാണ് ലഹരിമരുന്ന് കേസിന് പിന്നിലെന്നും നവാബ് മാലിക് ആരോപിച്ചു. നോയിഡയിൽ ഫിലിം സിറ്റി സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ കൂടിക്കാഴ്‌ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ വിമർശനം.
ഒക്‌ടോബർ രണ്ടിന് മുംബൈ തീരത്ത് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്. കപ്പലിൽ നടത്തിയ റെയ്‌ഡിൽ കൊക്കെയ്ൻ, എംഡി, ചരസ്, എംഡിഎംഎ ഗുളികകൾ തുടങ്ങിയ ലഹരി വസ്‌തുക്കൾ എൻസിബി ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തിരുന്നു. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ അറസ്‌റ്റ് ചെയ്‌ത് 25 ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് ആര്യൻ ഖാനും കൂട്ടാളികൾക്കും മഹാരാഷ്‌ട്രാ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Read also: യുപിയിൽ ഇത്തവണ അഖിലേഷ് അധികാരം നേടും; ലാലു പ്രസാദ് യാദവ്







































