തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കുന്നതിന്റെ ഭാഗമായി ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് നടത്തുന്നു. വടകരയിലെ ഊരാളുങ്കൽ ആസ്‌ഥാനത്താണ് പരിശോധന.
രവീന്ദ്രന് കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലായി 12 സ്‌ഥാപനങ്ങളിൽ ഓഹരിയുണ്ടെന്ന് രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രാഥമിക പരിശോധനയിൽ ഇഡി കണ്ടെത്തിയിരുന്നു. രവീന്ദ്രന് പങ്കാളിത്തം ഉണ്ടെന്ന പരാതി ഉയർന്ന വടകര, ഓർക്കാട്ടേരി, തലശേരി, കണ്ണൂർ എന്നിവിടങ്ങളിലെ 24 സ്‌ഥാപനങ്ങളിൽ ഇഡി പരിശോധിച്ചു. ഇതിൽ 12 എണ്ണത്തിൽ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കൾക്കോ ഓഹരിയുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.
Also Read: പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം ആശുപത്രിയിൽ
ഇലക്‌ട്രോണിക്‌സ് സ്‌ഥാപനം, മൊബൈൽ കട, സൂപ്പർ മാർക്കറ്റ്, ടൂറിസ്‌റ്റ് ഹോം, വസ്‌ത്ര വിൽപന കേന്ദ്രം എന്നിവിടങ്ങളിലാണ് രവീന്ദ്രന് പങ്കാളിത്തം. രവീന്ദ്രനെ ചോദ്യം ചെയ്‌തതിന് ശേഷം മാത്രമേ ഇതിന്റെ രേഖകളും കൂടുതൽ പരിശോധനകളും നടത്തി ഇടപാടുകളുടെ വ്യാപ്‌തി ഉറപ്പാക്കുകയുള്ളൂ. രവീന്ദ്രന് വൻ സാമ്പത്തിക ഇടപാടുകളുണ്ടെന്ന് പരാതി ഉയർന്ന സ്‌ഥാപനങ്ങൾ പരിശോധിക്കാൻ ഇഡി കൊച്ചി യൂണിറ്റാണ് കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്‌ഥരോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ പരിശോധന നടത്തുന്നത്.







































