കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം ആശുപത്രിയിലെത്തി. പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്‌റ്റിലായ ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. വിജിലൻസിന്റെ കസ്‌റ്റഡി അപേക്ഷയും ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യപേക്ഷയും കോടതി നേരത്തെ തള്ളിയിരുന്നു.
ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില മോശമാണെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് കസ്‌റ്റഡി അപേക്ഷ നേരത്തെ കോടതി തള്ളിയത്. ചോദ്യം ചെയ്യുന്നതിന് വേണ്ടി ഇബ്രാഹിം കുഞ്ഞിനെ കസ്‌റ്റഡിയിൽ വിട്ടുകൊടുത്താൽ അദ്ദേഹത്തിന്റെ ആരോഗ്യസ്‌ഥിതി വഷളാകാൻ ഇടയാകുമെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
നിലവിൽ സ്വകാര്യ ആശുപത്രിയിൽ ലഭിക്കുന്ന ചികിൽസ സർക്കാർ ആശുപത്രിയിൽ ലഭ്യമാകുമോയെന്നും കോടതി ആരോഗ്യവകുപ്പിനോട് അന്വേഷിച്ചിരുന്നു. തുടർന്ന് ഇബ്രാഹിം കുഞ്ഞ് ചികിൽസയിൽ കഴിയുന്ന ആശുപത്രിയിൽ എത്തി നിശ്‌ചിത സമയം വീതം ചോദ്യം ചെയ്യാൻ വിജിലൻസിന് കോടതി അനുമതി നൽകുകയായിരുന്നു.
Read also: കശ്‌മീരില്‍ ബിജെപി കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നു; പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി