ശ്രീനഗര്‍: ജമ്മു കശ്‌മീരിന്റെ പേരില്‍ യാഥാര്‍ഥ്യമാക്കി പ്രചരിപ്പിക്കപ്പെടുന്നത് കെട്ടുകഥകളാണെന്നും തന്നെ വീട്ടുതടങ്കലില്‍ ആക്കിയിട്ടും താന്‍ സ്വതന്ത്രയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്‌താവന ഇറക്കിയ നാടാണിതെന്നും മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തി. കശ്‌മീര്‍ പ്രശ്‍നത്തില്‍ ശാശ്വത പരിഹാരം കാണാന്‍ ഇന്ത്യയും പാകിസ്‌ഥാനും തമ്മില്‍ ചര്‍ച്ച ചെയ്യണമെന്നും അല്ലാതെ തിരഞ്ഞെടുപ്പു നടത്തലല്ല ചെയ്യേണ്ടതെന്നും മെഹ്ബൂബ പറഞ്ഞു.
കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനം വിലക്കുകയും വീട്ടില്‍ തടഞ്ഞു വെക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് പിഡിപി നേതാവ് തന്റെ വസതിയില്‍ മാദ്ധ്യമങ്ങളോട് സംസാരിച്ചത്.
”കശ്‌മീര്‍ പ്രശ്‍നത്തില്‍ തിരഞ്ഞെടുപ്പല്ല പരിഹാര മാര്‍ഗം. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയാണ് വേണ്ടത്. നമ്മുടെ മണ്ണ് കവര്‍ന്നെടുത്ത ചൈനയുമായി ചര്‍ച്ച ചെയ്യാമെങ്കില്‍ എന്തുകൊണ്ട് പാകിസ്‌ഥാനുമായി ചര്‍ച്ച പാടില്ല അതൊരു മുസ്‌ലിം രാജ്യമായത് കൊണ്ടാണോ. എല്ലാം വര്‍ഗീയമയമായി കഴിഞ്ഞ ഇന്നത്തെ സാഹചര്യത്തില്‍ അങ്ങനെ സംശയിക്കേണ്ടി വരും.” -മെഹ്ബൂബ വിശദീകരിച്ചു.
‘കശ്‌മീര്‍ സന്ദര്‍ശിച്ച ഓരോ ബിജെപി മന്ത്രിയും പത്തില്‍ ഒമ്പതു തവണയും 370ആം വകുപ്പ് റദ്ദാക്കിയതിനെ പറ്റി പ്രസംഗിക്കുന്നു. എന്നെ വീട്ടുതടങ്കലില്‍ ആക്കിയപ്പോള്‍, തടഞ്ഞിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും മറ്റ് ഉദ്യോഗസ്‌ഥരും പ്രസ്‌താവിച്ചു. ഇവിടെ കെട്ടുകഥകള്‍ യാഥാര്‍ഥ്യങ്ങളായി അവതരിപ്പിക്കപ്പെടുകയാണ്’- മെഹ്ബൂബ പറഞ്ഞു.
Read also: ഡെല്‍ഹി ചലോ; അനുനയ ശ്രമത്തിന് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്