ശ്രീനഗർ: ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹരജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് നിർണായ വിധി പ്രസ്‌താവിക്കുന്നത്. ജസ്‌റ്റിസുമാരായ സഞ്‌ജയ് കിഷൻ കൗൾ, സഞ്‌ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിലുണ്ട്.
ജമ്മു കശ്‌മീരിലെ രാഷ്‌ട്രീയ നേതാക്കളുടേത് അടക്കം 20 ഹരജികളാണ് കോടതിയിൽ ഉള്ളത്. ഭരണഘടനയുടെ 370ആം വകുപ്പ് അസാധുവാക്കുകയും ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുകയും ചെയ്‌തതിനെതിരെ നാഷണൽ കോൺഫറൻസും ജെ ആൻഡ് കെ ഹൈക്കോടതി ബാർ അസോസിയേഷനും ഉൾപ്പടെ ഹരജി നൽകിയിരുന്നു.
2019 ഓഗസ്‌റ്റ് അഞ്ചിനായിരുന്നു ആയിരുന്നു ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കികൊണ്ട് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന നടപടികളിലൂടെ സംസ്‌ഥാനത്തെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും വെട്ടിക്കുറച്ച്, രാഷ്‌ട്രീയ നേതാക്കളെയടക്കം കരുതൽ തടങ്കലിൽ ആക്കിയായിരുന്നു കേന്ദ്ര സർക്കാരിന്റെ നടപടി.
ജമ്മു കശ്‌മീരിലെ ഉന്നത രാഷ്‌ട്രീയ നേതാക്കളായ ഫാറൂഖ് അബ്‌ദുല്ല, അദ്ദേഹത്തിന്റെ മകന്‍, മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുല്ല, പിഡിപി മേധാവി, മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി എന്നിവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആർട്ടിക്കിൾ 370 പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട്, കശ്‌മീരിന് അതുവരെ ഉണ്ടായിരുന്ന 1954-ലെ രാഷ്ട്രപതി ഉത്തരവിനെ അസാധുവാക്കുകയും സംസ്‌ഥാനത്തിന് നൽകിയിട്ടുള്ള സ്വയംഭരണത്തിന്റെ എല്ലാ വ്യവസ്‌ഥകളും എടുത്തുമാറ്റുകയും ചെയ്‌തു.
അതിന് ശേഷം, ഇന്ത്യയും ചൈനയും ലഡാക്കിലെ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്‌ഥയിൽ ആയിരുന്നു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും ഉന്നതതല നയതന്ത്ര-സൈനിക ചര്‍ച്ചകളും നടത്തിവന്നിരുന്നു. ഭരണഘടനയുടെ 370ആം അനുച്ഛേദം കേന്ദ്ര സർക്കാരിന്റെ ക്ഷേമപദ്ധതികൾ ജമ്മു കശ്‌മീരിലെ ജനങ്ങളിലേക്ക് എത്തുന്നതിന് തടസമായിരുന്നുവെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നത്.
പ്രത്യേക പദവി താൽക്കാലിക അടിസ്‌ഥാനത്തിലാണ് ഏർപ്പെടുത്തിയതെന്നും, എന്നാൽ ഇത് 75 വർഷം കഴിഞ്ഞിട്ടും തുടരുകയായിരുന്നുവെന്നും കേന്ദ്രം വാദിച്ചിരുന്നു. ജമ്മു കശ്‌മീരിന് പുറമെ ഇന്ത്യൻ യൂണിയനിൽ ലയിച്ച മറ്റു നാട്ടുരാജ്യങ്ങൾക്കും ചില പ്രത്യേക അധികാരങ്ങൾ നൽകിയിരുന്നു. ഇതൊക്കെ പിന്നീട് റദ്ദാക്കിയിരുന്നുവെന്നും കേന്ദ്രം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, പ്രധാന നേതാക്കളെയെല്ലാം കരുതൽ തടങ്കലിലാക്കാൻ പുതിയൊരു കാരണം കിട്ടിയിരിക്കുകയാണെന്നും കോടതിയുടെ തീരുമാനം ജമ്മു കശ്‌മീരിലെ ജനങ്ങൾക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും നാഷണൽ കോൺഫറൻസ് ഉപാധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുല്ല പറഞ്ഞു. പിഡിപി ഉൾപ്പടെയുള്ള പാർട്ടി പ്രവർത്തകരെ പോലീസ് സ്‌റ്റേഷനുകളിൽ വിളിപ്പിക്കുകയാണെന്ന് പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്‌തിയും പ്രതികരിച്ചു.
സുപ്രീം കോടതി നാളെ വിധി പറയാനിരിക്കെ, കശ്‌മീരിൽ സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്. എഡിജിപി വിജയ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഉന്നത പോലീസ്, ഇന്റലിജൻസ്, റവന്യൂ ഉദ്യോഗസ്‌ഥർ പങ്കെടുത്തു. സുരക്ഷക്കുള്ള സമഗ്ര പദ്ധതികൾ യോഗം ചർച്ച ചെയ്‌തതായാണ് റിപ്പോർട്ടുകൾ. സാമൂഹിക മാദ്ധ്യമങ്ങളുടെ ദുരൂപയോഗം ഉൾപ്പടെയുള്ള സാധ്യതകളും ചർച്ചാ വിഷയമായി.
Related News| ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; ഹരജികൾ പരിഗണിക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കും