ന്യൂഡെൽഹി: പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കി. മഹുവയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് നടപടി. എത്തിക്‌സ് കമ്മിറ്റി റിപ്പോർട് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. പിന്നാലെയാണ് പുറത്താക്കൽ നടപടി.
മഹുവയെ പുറത്താക്കാൻ സഭയ്‌ക്ക് അധികാരമില്ലെന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എംപിമാർ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു പ്രതിപക്ഷം സഭ വിട്ടതോടെ തിങ്കളാഴ്‌ചത്തേക്ക് പിരിഞ്ഞു. എത്തിക്‌സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചെന്ന് പാർലമെന്റിന് പുറത്തിറങ്ങിയ ശേഷം മഹുവ പ്രതികരിച്ചു. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് റിപ്പോർട് പരിഗണിക്കാനുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചത്.
എന്നാൽ, റിപ്പോർട്ടിനെ എതിർത്ത് കോൺഗ്രസ് എംപിമാർ രംഗത്തുവന്നു. ശിക്ഷ നിർദ്ദേശിക്കാൻ കമ്മിറ്റിക്ക് അധികാരമില്ലെന്ന് മനീഷ് തീവാരി പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ എത്തിക്‌സ് കമ്മിറ്റി അധ്യക്ഷൻ വിനോദ് സോങ്കറാണ് റിപ്പോർട് സഭയിൽ വെച്ചത്. റിപ്പോർട്ടിൻമേൽ സംസാരിക്കാൻ മഹുവയെ സ്‌പീക്കർ ഓം ബിർള അനുവദിച്ചിരുന്നില്ല. വിനോദ് സോങ്കർ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റി മഹുവക്കെതിരെ നടപടി വേണമെന്നാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
അദാനി ഗ്രൂപ്പിനെതിരെ ചോദ്യമുന്നയിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് രണ്ടുകോടി രൂപയും മറ്റു ആഡംബര സമ്മാനങ്ങളും കോഴയായി സ്വീകരിച്ചെന്നും ചോദ്യങ്ങൾ നൽകാനുള്ള പാർലമെന്റ് അംഗങ്ങളുടെ മെംബേഴ്‌സ് പോർട്ടലിന്റെ ലോഗിൻ ഐഡിയും പാസ്‍വേർഡും ഹിരാനന്ദാനിക്ക് കൈമിയറിയെന്നുമാണ് മഹുവക്കെതിരെയുള്ള വിവാദം. ലോക്‌സഭയിൽ മഹുവ ചോദിച്ച 61 ചോദ്യങ്ങളിൽ 51 എണ്ണവും വ്യവസായിയുടെ താൽപര്യങ്ങൾ പ്രകാരമാണെന്നും ഇതിനായി പണം വാങ്ങിയെന്നുമാണ് ആരോപണം.
എന്നാൽ, തന്റെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‍വേർഡും സുഹൃത്തായ വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് കൈമാറിയിരുന്നുവെന്നും ഇതിനായി പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് മഹുവ പറഞ്ഞത്. എംപിയുടെ സംഘത്തിൽ ഉള്ളവരാണ് ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യുന്നത്. ആർക്കൊക്കെ പാസ്‌വേർഡ് കൈമാറാമെന്നതിന് ചട്ടങ്ങളില്ല. ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ കൂടുതൽ സുരക്ഷ ഉറപ്പാക്കാനുള്ള ഒടിപി ലഭ്യമാകുന്ന നമ്പർ തന്റേതാണ്. അതുകൊണ്ട് അപ്‌ലോഡ് ചെയ്യപ്പെടുന്ന ചോദ്യങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ട് തുടങ്ങിയവയാണ് മഹുവയുടെ വാദങ്ങൾ.
വിവാദത്തിൽ മഹുവയെ പാർലമെന്റിൽ നിന്ന് പുറത്താക്കണമെന്ന ശുപാർശ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി നാലിനെതിരെ ആറ് വോട്ടുകൾക്ക് അംഗീകരിച്ചു. മഹുവയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും എംപിയായി തുടരാൻ അനുവദിക്കരുതെന്നുമാണ് പാർലമെന്ററി എത്തിക്‌സ് കമ്മിറ്റി റിപ്പോർട്. 500 പേജുള്ള റിപ്പോർട്ടിൽ മഹുവയുടെ പ്രവൃത്തികൾ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അർഹിക്കുന്നതുമാണെന്നും വിഷയത്തിൽ എത്രയും വേഗത്തിൽ അന്വേഷണം നടത്തണമെന്നും നിർദ്ദേശിക്കുന്നുണ്ട്.
Most Read| ‘അനിശ്‌ചിത കാലത്തേക്ക് ഒരാളെ തടവിൽ വെക്കാനാവില്ല’; ഇഡിയോട് സുപ്രീം കോടതി