മുംബൈ: ഇന്ത്യയുടെ നാദവിസ്മയം ലതാ മങ്കേഷ്കറിന് വിട ചൊല്ലി രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി അന്ത്യാഞ്ജലി അർപ്പിച്ചു. വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാർക്കിലെത്തിയ മോദി, ഭൗതികശരീരത്തിൽ പുഷ്പചക്രം സമർപ്പിച്ചു. സംസ്കാര ചടങ്ങുകൾ ശിവാജി പാർക്കിൽ ഔദ്യോഗിക ബഹുമതികളോടെയാണ് നടക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉൾപ്പെടെയുള്ളവരും ചടങ്ങിൽ പങ്കെടുത്തു.
വൈകിട്ട് 5.45ഓടെ വിലാപയാത്രയായാണ് ഭൗതികശരീരം ശിവാജി പാർക്കിലെത്തിച്ചത്. വഴിയിലുടനീളം നിരവധി ആളുകളാണ് പ്രിയ ഗായികയെ അവസാനമായി കാണാൻ കാത്തുനിന്നത്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽനിന്ന് ഉച്ചയോടെ വസതിയിലെത്തിച്ച ഭൗതിക ശരീരത്തിൽ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഞായറാഴ്ച രാവിലെയാണ് ലതാ മങ്കേഷ്കർ അന്തരിച്ചത്. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8 മുതൽ ചികിൽസയിലായിരുന്നു. കോവിഡ് മുക്തയായതിനെ തുടർന്ന് ആരോഗ്യം മെച്ചപ്പെട്ടിരുന്നെങ്കിലും നിരീക്ഷണത്തിൽ തുടരുന്നതിനിടെ നില വീണ്ടും ഗുരുതരമാവുകയായിരുന്നു.
ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തിൽ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തി കെട്ടുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Also Read: ‘ഐ ലവ് ഹിജാബ്’ ക്യാംപയിനുമായി വിദ്യാർഥിനികൾ, താലിബാനിസമെന്ന് ബിജെപി









































