ബെംഗളൂരു: കർണാടകയിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിനെതിരെ ക്യാംപയിൻ ആരംഭിച്ച് വിദ്യാർഥികൾ. നിരോധനം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനിടെയാണ് ‘ഐ ലവ് ഹിജാബ്’ എന്ന പേരിൽ വിദ്യാർഥികൾ ക്യാംപയിന് തുടക്കമിട്ടത്. ഹിജാബ് ധരിച്ച് ക്‌ളാസുകളിൽ പങ്കെടുക്കുമെന്ന് ഉഡുപ്പി ജില്ലയിൽ നിന്നുളള വിദ്യാർഥികൾ പറഞ്ഞിരുന്നു. ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈസൂർ നഗരത്തിലാണ് ക്യാംപയിന് തുടക്കം കുറിച്ചിട്ടുളളത്.
മൈസൂരിലെ ബന്നി മണ്ഡപത്തിന് സമീപം നടന്ന പ്രതിഷേധ സമരത്തിന് ശേഷം ചില വിദ്യാർഥികൾ ഹിജാബ് ധരിച്ച് ക്‌ളാസുകളിൽ പങ്കെടുത്തെന്നാണ് വിവരം. എന്നാൽ വിദ്യാർഥികളുടെ ക്യാംപെയിനെതിരെ ഭരണകക്ഷിയായ ബിജെപി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. വിദ്യാർഥികളുടെ പ്രവർത്തി താലിബാനിസമെന്ന് അധിക്ഷേപിച്ച ബിജെപി ക്‌ളാസുകളിൽ പങ്കെടുക്കണമെങ്കിൽ വിദ്യാർഥിനികൾ ഹിജാബ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
മുസ്‌ലിം വിദ്യാർഥിനികൾ പഠിക്കണമെങ്കിൽ യൂണിഫോമിട്ട് വരണമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി നിലപാട് വ്യക്‌തമാക്കിയത്. ഹിജാബ് വിവാദം ചർച്ചയാക്കിയതിന് പിന്നിൽ ചിലരുടെ അജണ്ടയാണെന്നും മന്ത്രി ആരോപിച്ചു. ഇതിനിടെ ഹിജാബ് ധരിക്കുന്നതിനെ എതിർത്തുകൊണ്ട് ബെലഗാവിയിലെ രാംദുർഗ് കോളേജിലെ ചില വിദ്യാർഥിനികൾ കാവി ഷാൾ ധരിച്ചെത്തിയത് വിവാദമായിരുന്നു.
പെൺകുട്ടികളെ ഹിജാബ് ധരിച്ച് ക്‌ളാസിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ആൺകുട്ടികളും രംഗത്തെത്തിയിട്ടുണ്ട്. കുന്ദാപൂരിലെ ഭണ്ഡാർക്കേഴ്‌സ് ആർട്സ് ആൻഡ് സയൻസ് ഡിഗ്രി കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾക്ക് പിന്തുണയുമായി 40ഓളം മുസ്‌ലിം ആൺകുട്ടികളും രംഗത്തെത്തി. കോളേജിലെ യൂണിഫോം ചട്ടം ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥിനികളെ ക്‌ളാസിൽ കയറ്റാതിരുന്നത്. ചട്ടപ്രകാരം വിദ്യാർഥിനികൾക്ക് യൂണിഫോമിന്റെ നിറത്തിലുള്ള ഷാൾ അണിയാവുന്നതാണ്, യൂണിഫോമല്ലാത്ത മറ്റൊരു വസ്‌ത്രവും ധരിക്കാൻ പാടില്ല.
വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് പ്രവേശനം നൽകിയാൽ ചില വിദ്യാർഥികൾ കാവി ഷാൾ ധരിച്ചെത്തുമെന്ന് പറഞ്ഞതായി കുന്ദാപൂരിലെ കോളേജ് പ്രിൻസിപ്പൽ നാരായൺ ഷെട്ടി പറഞ്ഞു. ഈ സാഹചര്യത്തിൽ കോളേജിൽ സൗഹൃദാന്തരീക്ഷം കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. ഞാനൊരു സർക്കാർ ജീവനക്കാരനാണ്. സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും ഞാൻ പാലിക്കണം. ചില വിദ്യാർഥികൾ കാവി ഷാൾ ധരിച്ച് കോളേജിൽ പ്രവേശിക്കുമെന്ന് എന്നോട് പറഞ്ഞു. മതത്തിന്റെ പേരിൽ സൗഹാർദം തകർത്താൽ ഉത്തരവാദി പ്രിൻസിപ്പിലായിരിക്കുമെന്നും ഇദ്ദേഹം പറയുന്നു. ഉഡുപ്പിയിലെ മറ്റ് കോളേജുകളിലും ഹിജാബ് വിവാദം ഉടലെടുത്തിട്ടുണ്ട്.
ജനുവരിയിൽ ഉഡുപ്പിയിലെ പിയു കോളേജിൽ ഹിജാബ് വിവാദം ഉടലെടുത്തതോടെയാണ് മറ്റ് കോളേജുകളിലും ഈ പ്രശ്‌നം വ്യാപിച്ചത്. ഹിജാബ് ധരിച്ച ആറു പെൺകുട്ടികളെ അധികൃതർ ക്ലാസിൽ നിന്നു പുറത്താക്കി. ഹിജാബ് യൂണിഫോം ചട്ടത്തിനെതിരാണെന്ന് പറഞ്ഞായിരുന്നു അധികൃതരുടെ വിലക്ക്. ഇതിനെതിരെ വിദ്യാർഥിനികൾ പ്രതിഷേധിക്കുകയും ചെയ്‌തു.
ഹിജാബ് ധരിക്കുന്നത് തങ്ങളുടെ അടിസ്‌ഥാന അവകാശമാണെന്നും അത് തടയാൻ കോളേജിന് അധികാരമില്ലെന്നും വിദ്യാർഥിനികൾ പറയുന്നു. എന്നാൽ കാമ്പസിൽ ഹിജാബ് ധരിക്കാമെന്നും ക്‌ളാസുകളിൽ ഹിജാബ് ധരിച്ച് കയറാൻ പറ്റില്ലെന്നുമുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് കോളേജ് അധികൃതർ.
Also Read: 17കാരിയുടെ പരാതി; മംഗളൂരുവിൽ വൻ സെക്‌സ് റാക്കറ്റ് പിടിയിൽ