ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങ് റദ്ദാക്കി ബിജെപി. അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായാണ് പരിപാടി റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് മൗര്യ തുടങ്ങിയവര്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനായി ലഖ്‌നൗവില്‍ എത്തിയിരുന്നു. ചടങ്ങ് റദ്ദാക്കിയതിനു പിന്നാലെ ലതയോടുള്ള ആദരസൂചകമായി രണ്ടു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്‌തു.
പ്രകടനപത്രിക എന്നു പുറത്തിറക്കുമെന്ന് പിന്നീട് അറിയിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. ഫെബ്രുവരി പത്തിനാണ് ഉത്തര്‍ പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗോവയിലെ വിര്‍ച്വൽ റാലിയും ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്‌ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്. ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ റാലിയും മറ്റ് പ്രധാന പാര്‍ട്ടി പരിപാടികളും ഗോവ ബിജെപി റദ്ദാക്കിയതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
അതേസമയം, പഞ്ചാബിലെ മുഖ്യമന്ത്രി സ്‌ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ആഘോഷങ്ങള്‍ നടത്തരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിർദ്ദേശം നല്‍കിയതായി ഉന്നതവൃത്തഘങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട് ചെയ്‌തു. ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്‌ചാത്തലത്തിലാണ് ഒരു വിധത്തിലുമുള്ള ആഘോഷങ്ങള്‍ പാടില്ലെന്ന നിർദ്ദേശം കോണ്‍ഗ്രസ്, പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ഇന്നാണ് കോണ്‍ഗ്രസ് പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. രാഹുല്‍ ഗാന്ധിയാണ് പ്രഖ്യാപനം നടത്തുക.
ഞായറാഴ്‌ച രാവിലെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു ലത(92)യുടെ അന്ത്യം. ലതയുടെ നിര്യാണത്തില്‍ രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് ആറരയ്‌ക്ക് മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
Also Read: സ്വർണക്കടത്ത് കേസ്; പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് എംഎം ഹസൻ