ഹൈദരാബാദ്: എഐഎംഎംഐ നേതാവ് അസസുദ്ദീന്‍ ഒവൈസിക്ക് നൽകുന്ന ഓരേ വോട്ടും ഇന്ത്യക്ക് എതിരെയുള്ളതാണെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ. ഹൈദരാബാദില്‍ അടുത്തമാസം നടക്കാനിരിക്കുന്ന സിവിക് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടിയിൽ ആയിരുന്നു തേജസ്വിയുടെ പ്രസ്‌താവന.
“മുഹമ്മദലി ജിന്നയുടെ അവതാരമാണ് ഒവൈസി. അദ്ദേഹത്തെ നമ്മൾ പരാജയപ്പെടുത്തണം. ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും ഭാരതത്തിനും ഹിന്ദുത്വത്തിനും രാജ്യത്തെ ശക്‌തിപ്പെടുത്തുന്നതിനും ഉള്ളതാണ്. ഒവൈസിയും അദ്ദേഹത്തിന്റെ സഹോദരന്‍ അക്ബറുദ്ദീനും സാമുദായിക രാഷ്‌ട്രീയം കളിക്കുകയാണ്. റോഹിംഗ്യന്‍ മുസ്‌ലിംകളെ മാത്രമേ അവര്‍ അനുവദിക്കുന്നുള്ളു. വികസനങ്ങളൊന്നും അവര്‍ അനുവദിക്കുന്നില്ല. നിങ്ങള്‍ ഒവൈസിക്ക് വോട്ട് ചെയ്‌താൽ അദ്ദേഹം ഉത്തര്‍പ്രദേശ്, ബിഹാർ, മഹാരാഷ്‌ട്ര, കര്‍ണ്ണാടകയിലെ മുസ്‌ലിം പ്രദേശങ്ങളില്‍ ശക്‌തനാകും,” – തേജസ്വി പറഞ്ഞു.
മുഹമ്മദലി ജിന്ന സംസാരിച്ച അതേ ഭാഷയാണ് ഒവൈസിയുടേതും. കടുത്ത വിഘടനവാദവും തീവ്രവാദവും പറയുന്ന ആളാണ് ഒവൈസിയെന്നും തേജസ്വി ആരോപിച്ചു.
“അക്ബറുദ്ദീനോടും ഒവൈസിയോടും ഒന്നേ പറയാനുള്ളു. ഹൈദരാബാദ് നൈസാം ഭരണത്തിലല്ല ഇപ്പോള്‍. ഇത് നരേന്ദ്രമോദിയുടെ കാലമാണ്. നിങ്ങള്‍ ഇവിടെ ഒന്നുമല്ല,”- തേജസ്വി പറഞ്ഞു.
Also Read: സത്യവാചകത്തില്‍ ഹിന്ദുസ്‌ഥാന്‍ വേണ്ടെന്ന് എംഎല്‍എ; എങ്കില്‍ പാകിസ്‌ഥാനിലേക്ക് പോകൂ എന്ന് ബിജെപി